17-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന്; നിർണായക ബില്ലുകൾ പാർലമെന്റിലേക്ക്; സഹകരണം തേടി പ്രധാനമന്ത്രി

ന്യൂഡൽഹി: 17 ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് തുടങ്ങും.  ബജറ്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടുദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 19ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും 20ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും. മധ്യപ്രദേശില്‍നിന്നുള്ള വീരേന്ദ്രകുമാറാണ് പ്രോ ടേം സ്പീക്കര്‍. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ഭര്‍തൃഹരി മഹാതബ് എന്നിവരടങ്ങിയ പാനല്‍ സഹായം നല്‍കും. രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യാനുമുണ്ട്. 542 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്യുക.

എൻഡിഎയുടെ അഭിമാനപ്രശ്നമായ നിർണായക ബില്ലുകൾ പാർലമെന്റിൽ എത്താനിരിക്കെ, കോൺഗ്രസ് അടക്കം എല്ലാവരുടെയും സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനത്തിനു മുൻപുള്ള പതിവു നടപടിയാണെങ്കിലും ഇന്നലെ മോദിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷിയോഗത്തിനു രാഷ്ട്രീയമാനങ്ങൾ‍ ഏറെയായിരുന്നു. പ്രത്യേകിച്ചും രാജ്യസഭയിൽ ഇപ്പോഴും എൻഡിഎയ്ക്കു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ.

രാജ്യസഭയിലെ 245 അംഗ‌ങ്ങളിൽ 102 പേർ മാത്രമേ എൻഡിഎ പക്ഷത്തുള്ളൂ. മുത്തലാഖ് അടക്കമുള്ള ബില്ലുകൾ വീണ്ടും പാർലമെന്റിലെത്തുമ്പോൾ പരമാവധി കക്ഷികളുടെ പിന്തുണ സർക്കാരിന് അനിവാര്യമാണ്.

സൃഷ്ടിപരമായ സംവാദമാണു പാർലമെന്റിൽ സർക്കാർ ആഗ്രഹിക്കുന്നതെന്നു സർവകക്ഷി യോഗത്തിൽ മോദി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, സഹമന്ത്രിമാരായ വി.മുരളീധരൻ, അർജുൻ റാം മേഘ്‌വാൾ, കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ, കൊടിക്കുന്നിൽ സുരേഷ്, അധിർ രഞ്ജൻ ചൗധരി, വിവിധ കക്ഷിനേതാക്കൾ എന്നിവർ യോഗത്തിനെത്തി.

Leave A Reply