സിറ്റി അസി. പൊലീസ് കമ്മിഷണറുമായുള്ള വാക്കുതർക്കം മാത്രമല്ല നാടുവിടാൻ പ്രേരിപ്പിച്ചതെന്നു സി.ഐ നവാസ്

കൊച്ചി∙ സിറ്റി അസി. പൊലീസ് കമ്മിഷണർ പി.എസ്. സുരേഷുമായി ബുധനാഴ്ച രാത്രിയിൽ വയർലെസിലൂടെയുണ്ടായ വാക്കുതർക്കം മാത്രമല്ല നാടുവിടാൻ പ്രേരിപ്പിച്ചതെന്നു സിറ്റി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ വി.എസ്. നവാസ്. ശനിയാഴ്ച തിരിച്ചെത്തിയ ശേഷം സിറ്റി ഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിക്കു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.‍‍

സെൻട്രൽ സ്റ്റേഷനിൽ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായ കാര്യങ്ങൾക്കു വേണ്ടി ഇടപെടുന്നതും ഇതു പൊലീസ് ഉദ്യോഗസ്ഥരിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദവുമൊക്കെ വിശദമായി നവാസിന്റെ മൊഴിയിലുണ്ടെന്നാണു വിവരം. കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാൽ, നാടുവിട്ടതു സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏൽക്കുന്നതായും നവാസ് പറഞ്ഞതായും സൂചനയുണ്ട്. ബുധനാഴ്ച രാത്രി എസിപിയുമായി ഉണ്ടായ തർക്കത്തെയും യാത്രയെയും പറ്റി നവാസ് വിശദമായി മൊഴി നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ കാണാതായ നവാസിനെ ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ കരൂരിൽ നിന്നാണു കണ്ടെത്തിയത്. നവാസിനെ കാണാതായത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

 

Leave A Reply