ഡോക്ടര്‍മാരുടെ സമരം: ഐക്യദാര്‍ഢ്യവുമായി കേരളത്തിലെ ഡോക്ടര്‍മാരും

തിരുവനന്തപുരം: പശ്ചിമബംഗാളിൽ ഡോക്ടർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത സമരത്തിൽ കേരളത്തിലെയടക്കം ആശുപത്രികൾ ഇന്ന് സ്തംഭിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് മെഡിക്കൽ സമരം. സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് മണിവരെ ഓപി ബഹിഷ്‌കരിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകും എന്ന് കെജിഎംഒഎ അറിയിച്ചിട്ടുണ്ട്..

മെഡിക്കല്‍ കൊളേജുകളില്‍ രാവിലെ 10 മുതല്‍ 11 വരെ ഒര് മണിക്കൂര്‍ ഒപി, ലാബ് പ്രവര്‍ത്തനങ്ങള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാൻ ആണ് ഗവണ്‍മെന്റ് മെഡിക്കല്‍ കൊളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനം. 10 മുതല്‍ 11 വരെ രാജ്ഭവന്റെ മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കും. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ അക്രമം കൂടി വരുന്ന സാഹചര്യത്തില്‍ സംരക്ഷണം നല്‍കുന്ന രീതിയില്‍ കേന്ദ്ര നിയമം കൊണ്ടുവരണം എന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടക്കം മുതലേ സമരക്കാര്‍ക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഡോക്ടര്‍മാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചര്‍ച്ച നടത്തും. തുറന്ന ചർച്ച എന്ന ഡോക്ടർമാരുടെ ആവശ്യം അംഗീകരിക്കില്ല. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും. ബംഗാൾ സെക്രട്ടറിയേറ്റിൽ വച്ചാകും ചർച്ച നടക്കുക.

Leave A Reply