ഡിഫ്തീരിയ: വാക്സിനേഷൻ ദൗത്യം വീണ്ടും സജീവമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: ഡിഫ്തീരിയ മരണം റിപ്പോർട്ട് ചെയ്തതോടെ മലപ്പുറത്ത് വാക്സിനേഷൻ ദൗത്യം വീണ്ടും സജീവമാക്കി ആരോഗ്യവകുപ്പ്.  പെരുമ്പടപ്പ് സ്വദേശിയായ ആറു വയസുകാരൻ ഡിഫ്തീരിയ ബാധിച്ച് മരിച്ചിരുന്നു. കുട്ടി വാക്സിനേഷൻ എടുത്തിരുന്നില്ലെന്ന് വ്യക്തമായതോടെയാണ് ജില്ലയിൽ വീണ്ടും വാക്സിനേഷൻ യജ്ഞം സജീവമാക്കാൻ‌ സർക്കാർ തീരുമാനം എടുത്തത്‌.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് ഡിഫ്തീരിയ ബാധിതനായ ആറുവയസുകാരൻ മരിക്കുന്നത്. രക്ഷിതാക്കൾ അനുവദിക്കാത്തതിനാൽ കുട്ടിക്ക് വാക്സിനേഷൻ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
ജില്ലയിൽ 2 വയസിൽ താഴെ പ്രായം ഉള്ള കുട്ടികളിൽ 92 ശതമാനം പേർക്കും വാക്‌സിനേഷൻ എടുത്തിരുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

പക്ഷെ മുൻപ് കുത്തിവെപ്പ് എടുക്കാത്തവരുടെ എണ്ണം കൃത്യമായി ലഭ്യമല്ല. ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ വാക്‌സിനേഷൻ യജ്‌ഞം വീണ്ടും തുടങ്ങാൻ ആണ് തീരുമാനം.

Leave A Reply