മുഖ്യമന്ത്രി ഇന്ന് ദില്ലിയില്‍: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. രാവിലെ 10ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച,. പ്രളസഹായവും മഴക്കെടുതിയും ചർച്ചയാകും.

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കകരിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12ന് ഗഡ്കരിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും പങ്കെടുക്കും. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാകും ഇവിടെ ചർച്ചയാകുക.

മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് പിണറായി മോദിയെ കാണുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പിണറായി പങ്കെടുത്തിരുന്നില്ല. കേരളത്തിന്റെ വിവിധ വികസന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ സഹായം കേരളം അഭ്യർത്ഥിക്കും. പ്രളയ പുനരധിവാസത്തിന് കൂടുതൽ സഹായം, മഴക്കെടുതിയിൽ ഉള്ള സഹായം എന്നിവ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

ദേശീയ പാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ജലഗതാഗത പദ്ധതികൾക്കും സർക്കാർ കേന്ദ്രസഹായം തേടുമെന്നാണ് സൂചന. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക. തീരുമാനം പിൻവലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല.

Leave A Reply