ബാലഭാസ്കറിന്റെ അപകട മരണം; ദുരൂഹതകൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം:  വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച ദുരൂഹതകൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ക്രൈംബ്രാഞ്ച്. ഇതുവരെയുള്ള അന്വേഷണത്തിൽ ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഡ്രൈവർ അർജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ ദുരൂഹതകൾ നീക്കാൻ കഴിയുമെന്നും  ഇയാളിപ്പോൾ നാട്ടിലുണ്ടെന്നും നിരീക്ഷണത്തിലാണെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

കേസ് ഏറ്റെടുത്ത ആദ്യ നാളുകളിൽ തന്നെ അർജുനെ വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന വാദത്തിൽ ഉറച്ച് നിന്ന അർജുനെതിരെ കൃത്യമായ തെളിവുകളാണ് അന്വേഷണ സംഘം പിന്നീട് ശേഖരിച്ചത്. ലഭിച്ച ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ അർജുൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് ക്രൈം ബ്രാഞ്ച് സംഘം ഉറപ്പിക്കുന്നുണ്ട്.

എന്നാൽ രക്തം,തലമുടി എന്നിവയുടെ ഫോറൻസിക് പരിശോധയുടെ പൂർണ്ണ ഫലം ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണമുണ്ടാകു. ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലേ ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കും മൊഴിമാറ്റിയതിനും തെളിവുകൾ നശിപ്പിച്ചതിനും കേസെടുക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.

 

Leave A Reply