കൊച്ചിയിൽ കാണാതായ സിഐ ഉദ്യോഗസ്ഥന്റെ വാട്‌സ് ആപ്പ് സന്ദേശം പുറത്ത്

എറണാകുളം:  കൊച്ചിയിലെ സെൻട്രൽ സ്റ്റേഷനറിൽ നിന്നും കാണാതായ സിഐ നവാസ് അവസാനം അയച്ച വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നു . ഭാര്യയ്ക്ക് സുഖമില്ലെന്നും ഒരു യാത്ര പോകുകയാണെന്നുമുള്ള സന്ദേശം ബന്ധുവിനാണ് അയച്ചിരിക്കുന്നത് . ബന്ധുവിന്റെ അമ്മയെ ക്വാര്‍ട്ടേഴ്‌സിലേക്ക് അയക്കണമെന്നും സന്ദേശത്തിൽ ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പുലർച്ച മുതൽ ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  സിഐയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചിരിക്കുന്നത് .

അന്വേഷണത്തിൽ കെ.എസ്.ഇ.ബി. വിജിലന്‍സില്‍ ജോലിചെയ്യുന്ന പോലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തിയതായി കണ്ടെത്തി. ബസില്‍ വെച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നുവെന്നാണ് നവാസ് പോലീസുകാരനോട് പറഞ്ഞത്. പിന്നീട് നവാസിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി . ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിൽനിൽക്കുകയാണ് . മാത്രമല്ല ഇദ്ദേഹം സിം കാര്‍ഡ് മാറ്റിയതായും കണ്ടെത്തി . നവാസിന്റെ അന്വേഷണത്തിനായി മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ ജില്ലയിലും സ്‌പെഷ്യല്‍ ബ്രാഞ്ചിനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി നവാസിന് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും സൂചനകൾ ലഭിക്കുന്നുണ്ട് . ഇത് കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. 10,000 രൂപയോളം എടിഎമ്മില്‍ നിന്നും പിൻവലിച്ചതായി കണ്ടെത്തി .

Leave A Reply