വാഷിങ്ടണ്‍: ഒമാന്‍ തീരത്തെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അവകാശപ്പെടുന്നു . വ്യാഴാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് പോംപിയോ ആരോപിച്ചത്. അതെ സമയം , പോംപിയോയുടെ ആരോപണം ഇറാന്‍ തള്ളി. തെളിവുകളില്ലാതെയാണ് അമേരിക്ക ആരോപണമുന്നയിക്കുന്നതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇറാന്‍ തിരിച്ചടിച്ചു .

കപ്പൽ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയുടെ നിഗമനം. ഉപയോഗിച്ച ആയുധം, അക്രമണ രീതി തുടങ്ങിയവയിലൂടെ സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന് ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരുമെന്നും പോംപിയോ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നതായും അദ്ദേഹം കൂട്ടിച്ചെർത്തു .

അതേസമയം, ആക്രമണത്തില്‍ ദുരൂഹത ആരോപിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് രംഗത്തെത്തി. യുഎസ് – ഇറാന്‍ സംഘർഷം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ഇറാന്റെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന സമയത്താണ് എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്. ഇക്കാര്യങ്ങളെല്ലാം തന്നെ സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി .

Leave a comment