ഷാങ്ഹായ് ഉച്ചകോടി ഇന്ന് സമാപിക്കും: പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും

ന്യൂഡല്‍ഹി: ബിഷ്ക്കെക്കിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടി ഇന്ന് സമാപിക്കും. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കും. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ്‌ പാടില്ലന്നും നരേന്ദ്രമോദി ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യ-പാക് സമാധാനചർച്ച പുനരാരംഭിക്കാൻ ഭീകരവാദവിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ പാക് സർക്കാർ ശക്തമായ നടപടിയെടുക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് മോദി പറഞ്ഞു. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ നടത്തിയിരുന്നെന്നും എന്നാൽ, അവയൊക്കെയും നിഷ്‌ഫലമായെന്നും മോദി ഷിയുമായുള്ള ചർച്ചയിൽ അഭിപ്രായപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴ വിരുന്നിൽ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. അതേസമയം, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചർച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു.  40മിനിറ്റ് കൂടിക്കാഴ്ചയിൽ ഭീകരവാദം ചർച്ചയായി.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനിയുമായും മോദി കൂടിക്കാഴ്ച നടത്തി.  ഈ മാസം അവസാനം ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുടെയും ചൈനയുടെയും റഷ്യയുടെയും നേതാക്കള്‍ പ്രത്യേകം കൂടിക്കാഴ്ച്ച നടത്തും.

Leave A Reply