രാജിയിലുറച്ച് രാഹുൽ; കോൺഗ്രസിന്റെ പ്രതിസന്ധി മറികടക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത്

ഡൽഹി : കോൺഗ്രസിന്റെ ദൈനംദിന പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്നതിനാൽ പ്രതിസന്ധിയിലായ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പരിഹരിക്കുന്നു . നാല് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. ദേശീയ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പ്രവര്‍ത്തക സമിതി തള്ളിയെങ്കിലും ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. പിന്തിരിപ്പിക്കാനെത്തുന്ന നേതാക്കള്‍ക്ക് മുഖം കൊടുക്കാതെ മാറി നില്‍ക്കുകയും ചെയ്തതോടെ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായി. സംസ്ഥാനങ്ങളില്‍ ആഭ്യന്തര പോര് രൂക്ഷമായതും ആറ് മാസത്തിനകം ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യവും പ്രതിസന്ധി രൂക്ഷമാക്കി.

ഇതോടെയാണ് കോര്‍കമ്മറ്റി അംഗങ്ങളായ മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് ഇടപെടാന്‍ ആരംഭിച്ചത്. എ.കെ ആന്‍റണിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, ഗുലാംനബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പി.ചിദംബരം തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത് . ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഴുവന്‍ ജനറല്‍ സെക്രട്ടറിമാരുടെയും യോഗം സംഘടന ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിളിച്ച് ചേര്‍ക്കും .

Leave A Reply