കണ്ണൂർ ജില്ലയില്‍ കശുമാവ് കൃഷിക്ക് വന്‍ പദ്ധതി

കണ്ണൂർ : ആര്‍ കെ വി വൈ പദ്ധതി പ്രകാരം ജില്ലയിലെ കര്‍ഷകര്‍ക്ക് കശുമാവ് കൃഷിക്കുള്ള ഗ്രാഫ്റ്റുകള്‍ വിതരണം ചെയ്യുന്നു. ഒരു ഹെക്ടര്‍ കൃഷി ചെയ്യാന്‍ 200 കശുമാവ് ഗ്രാഫ്റ്റുകളാണ് നല്‍കുന്നത്. ആകെ 1100 ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ കാസര്‍കോട്, ചീമേനി എസ്റ്റേറ്റുകളില്‍ തയ്യാറാക്കിയ നഴ്‌സറികളില്‍ നിന്നുമാണ് തൈകള്‍ ലഭ്യമാക്കുക. കര്‍ഷകര്‍ക്ക് തൈകള്‍ പരിപാലിക്കുന്നതിനായി 50 രൂപ രണ്ട് തവണകളായി അനുവദിക്കുന്നതാണ്. 25 രൂപ നടുന്ന സമയത്തും ബാക്കി 25 രൂപ തൈകളുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലുമാണ് അനുവദിക്കുക. ഇത്തരത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന മുഴുവന്‍ കശുമാവ് തോട്ടങ്ങളും ജിയോടാഗ് ചെയ്യുന്നതാണ്. ധന, ധരശ്രീ, സുലഭ, പ്രിയങ്ക എന്നീ കശുമാവ് ഇനങ്ങളാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ചുരുങ്ങിയത് 25 സെന്റ് ഭൂമിയുള്ള കര്‍ഷകര്‍ അതാത് കൃഷിഭവനുമായി ബന്ധപ്പെട്ടേണ്ടതാണെന്ന് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. പരമാവധി രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും അതാത് കൃഷിഭവനുകളിലും ലഭിക്കും. നികുതി രശീത്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവയുടെ കോപ്പി സഹിതം കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

Leave A Reply