സി ഒ ടി നസീർ വധശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: മുൻ സിപിഎം പ്രാദേശിക നേതാവ് സി.ഒ.ടി.നസീറിനെ അക്രമിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പുറത്ത്. മെയ് 19ന് തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ച് മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അക്രമത്തില്‍ പങ്കെടുത്ത മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി സോജിന്‍, കതിരൂര്‍ സ്വദേശി അശ്വന്ത് എന്നിവരാണ് അക്രമത്തില്‍ പങ്കെടുത്തത്. ഇവരെ കൂടാതെ മറ്റ് രണ്ട് പേരും പോലീസ് പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്ത കൊളശേരി സ്വദേശികളായ സോജിത്ത്, വിശ്വജിത്ത് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

അതേ സമയം കേസന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തലശ്ശേരി സിഐ വി.കെ.വിശ്വംഭരനെ കാസര്‍കോട്ടേക്കും, എസ്.ഐ ഹരീഷിനെ പേരാമ്പ്രയിലേക്കുമാണ് സ്ഥലം മാറ്റിയത്. പകരം കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സിഐ സനല്‍കുമാറിനെയാണ് നിയമിച്ചത്. സിപിഎമ്മുമായി അകന്നതും ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതുമാണ് വിരോധത്തിന് കാരണമെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Leave A Reply