പ്രകൃതിയുമായി ഇഴചേര്‍ന്ന് ജീവിക്കാന്‍ ആഗ്രഹിച്ച് ഈ ദമ്പതികൾ

ഇടുക്കി :  അടിമാലി സൗത്ത് കത്തിപ്പാറയിലാണ് പ്രകൃതിയുമായി ഇഴചേര്‍ന്ന ജീവിതശൈലി രൂപപ്പെടുത്തിയ കെ കെ തങ്കപ്പനും ഭാര്യ ലീലാമണിയും താമസിക്കുന്നത്. തന്റെ ഔദ്യോഗിക ജീവിതം അവസാനിച്ചതു മുതലുള്ള വിശ്രമ ജീവിതം തങ്കപ്പന്‍ പ്രകൃതിയുമായി ഇഴുകി ചേര്‍ന്ന് മുമ്പോട്ട് കൊണ്ടു പോവുകയാണ് . ഞാവല്‍, ചന്ദനം തുടങ്ങിയ വന്‍ മരങ്ങളും ഫ്രാഷന്‍ ഫ്രൂട്ട് പോലെയുള്ള പഴവര്‍ഗ്ഗങ്ങളും പല വര്‍ണ്ണങ്ങളില്‍ വിരിഞ്ഞ് നില്‍ക്കുന്ന പുഷ്പങ്ങള്‍ക്കുമിടയിലാണിപ്പോള്‍ ഈ വൃദ്ധ ദമ്പതികളുടെ ശിഷ്ട ജീവിതം. പച്ചപ്പിനിടയില്‍ ജീവിക്കാന്‍ ഇരുവരും ചേര്‍ന്ന് ഒരു തുരുത്തുണ്ടാക്കിയെന്നാണ് സത്യം. തണുത്ത കാറ്റും നിശബ്ദതും നല്‍കുന്ന ഉന്മേഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് തങ്കപ്പന്‍ പറയുന്നു.

എല്ലാവര്‍ഷവും മുടങ്ങാതെ മുളവെട്ടി പച്ചത്തുരുത്തിനുള്ളില്‍ ഇവര്‍ ഇരിപ്പിടം തീര്‍ക്കും. സംഗീതമാസ്വദിക്കാനും പുസ്തകം വായിക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. രാത്രിയിലും തുരുത്ത് പ്രകാശപൂരിതമാണ്. ശുഭലക്ഷണ സൂചകമായി തുരുത്തിനരികില്‍ മീന്‍കുളം തീര്‍ത്തിരിക്കുന്നു. പത്ത് വര്‍ഷമെടുത്തു ഇത്തരത്തില്‍ വീടിനരികില്‍ വലിയൊരു പച്ചപ്പൊരുക്കിയെടുക്കാന്‍. 22 വര്‍ഷം മുമ്പ് ഗ്രാമസേവകനായി സേവനം അനുഷ്ടിക്കുമ്പോഴും തങ്കപ്പന്റെ മനസ്സില്‍ കൃഷിയും മണ്ണുമായിരുന്നു. ഈ വികാരമാണ് ജീവിതത്തിന്റെ വാര്‍ദ്ധക്യത്തിലും ഈ വൃദ്ധദമ്പതികളെ പ്രകൃതിയുമായി ചേര്‍ത്ത് നിര്‍ത്തുന്നത്.

Leave A Reply