നിപ – രോഗപ്രതിരോധവും നിയന്ത്രണവും

നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ രോഗം പകരുന്നു. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം കലർന്ന പാനീയങ്ങളും, വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം.
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് 4-21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം . രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽ നിന്നും കുത്തിയെടുത്ത സുഷുമ്നാസ്രവം എന്നിവയാണ് പരിശോധനക്കായി അയക്കുന്നത്.

രോഗലക്ഷണങ്ങൾ

പനിയോട് കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി , അപസ്മാരം, ബോധക്ഷയം,ശ്വാസതടസ്സം എന്നിവയും ഉണ്ടാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെയും സംഭവിക്കാം.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക .

• കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക

• ശക്തിയായ പനിയോടോപ്പo തലവേദന, ഛർദി ,ചുമ, ശ്വാസംമുട്ടൽ, സ്ഥലകാലബോധമില്ലായ്മ, അപസ്മാര ലക്ഷണങ്ങൾ എന്നിവ കാണുകയാണെങ്കിൽ രോഗലക്ഷണങ്ങൾ ഏതെങ്കിലും കാണുകയാണെങ്കിൽ അടുത്തുള്ള പ്രധാന ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.

• കൈകൾ കൊണ്ട് ഇടയ്ക്കിടെ മുഖത്തു സ്പർശിക്കുന്നത് ഒഴിവാക്കുക .

• രോഗലക്ഷണമുള്ളവരിൽ നിന്നും രോഗ ബാധിതരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക(ഒരു കൈയ്യകലം).

• രോഗിയെ പരിചരിക്കുന്നവർ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

• രോഗി ഉപയോഗിച്ച സാധന സാമഗ്രികൾ അണുവിമുക്തമാക്കുക.

പനിയുള്ള പ്പോൾ ശരിയായി വിശ്രമിക്കുകയും,കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, വെള്ളം,നാരങ്ങാവെള്ളം മുതലായ പാനീയങ്ങൾ ധാരാളം കുടിക്കുകയും ,ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും,പച്ചക്കറികളും ധാരാളം ഉപയോഗിക്കുകയും വേണം.
• നിപ രോഗ ലക്ഷണമുള്ളവർ കുടുംബാഗംങ്ങളുമായോ പൊതുജനങ്ങളുമായോ ഉള്ള സമ്പർക്കം പരമാവധി ഒഴിവാക്കുകയും, പനി മാറുന്നവരെ പരിപൂർണ്ണ വിശ്രമം എടുക്കേണ്ടതുമാണ്

• നിലത്ത് വീണ് കിടക്കുന്നതും, പക്ഷിമൃഗാദികൾ കടിച്ചതുമായ പഴങ്ങൾ ഉപയോഗിക്കരുത്.

• വവ്വാലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ തെങ്ങ് ,പന എന്നിവയിൽനിന്നും തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.

• പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.

 

Leave A Reply