‘ആര്‍ട്ടിക്കിൾ  15’ നെതിരെ യുപിയിലെ ബ്രാഹ്മണ സംഘടനകള്‍; സിനിമയുടെ റിലീസ് തടയുമെന്ന് ഭീഷണി

ലഖ്നൗ: അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിൾ  15’ നെതിരെ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത്. ചിത്രം ബ്രാഹ്മണ സമൂഹത്തെ മനഃപൂര്‍വം അപമാനിക്കുന്നതാണെന്നും റിലീസ് തടയുമെന്നും ബ്രാഹ്മണ സംഘടനയായ പരശുറാം സേനയുടെ വിദ്യാര്‍ത്ഥി നേതാവ് കുശാല്‍ തിവാരി പറഞ്ഞു.

താക്കൂര്‍ സമുദായത്തിന് പദ്മാവത് സിനിമയുടെ റിലീസ് തടയാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളെ അപമാനിക്കുന്ന സിനിമ തടഞ്ഞുകൂടെന്ന് അദ്ദേഹം ചോദിച്ചു. സിനിമക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തും. സംവിധായകന്‍ അനുഭവ് സിന്‍ഹ ഫോണ്‍ കാള്‍ എടുത്തില്ലെന്നും കുശാല്‍ തിവാരി പറഞ്ഞു.  എന്നാൽ, വാര്‍ത്തയെക്കുറിച്ച് അനുഭവ് സിന്‍ഹ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ ജാതീയ പ്രശ്നം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിവാദമായ ബദ്വാന്‍ ബലാത്സംഗ, കൊലപാതകക്കേസിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയുടെ ഇതിവൃത്തം. സംഭവവുമായി ബന്ധമില്ലാത്ത ബ്രാഹ്മണരെയാണ് സിനിമയില്‍ പ്രതികളായി കാണിക്കുന്നതെന്നും ഇത് ബ്രാഹ്മണ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനാണെന്നുമാണ് സംഘടനകളുടെ ആരോപണം.

ജൂണ്‍ 28നാണ് സിനിമ റിലീസ് ചെയ്യുന്നത്. ട്രെയിലറില്‍ കുറ്റവാളികളെക്കുറിച്ച് ‘മഹന്ത്ജി കെ ലഡ്കെ’ എന്നു പറയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ മഹന്ത്ജി എന്ന് ബ്രാഹ്മണരെയാണ് അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്‍റെ ട്രെയിലർ  പുറത്തുവന്നത്.

Leave A Reply