കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ അഴിമതി; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ സസ്പെൻഡു ചെയ്തു

അടിമാലി: കെഎസ്ഇബി ചിത്തിരപുരം സെഷനില്‍ ലക്ഷങ്ങളുടെ അഴിമതി. ചിത്തിരപുരം ഇലക്ട്രിക്കൽ സെഷനിൽ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ സർവീസിൽ നിന്ന് സസ്പെൻഡു ചെയ്തു. കല്ലാർകുട്ടി ഇറക്ഷൻ സബ്. ഡിവിഷൻ 2 ലെ എൻജിനീയർ കെ എം ഷൈലയെയാണ് ചീഫ് എൻജിനീയർ (എച്ച് ആർഎം തിരുവനന്തപുരം) സസ്പെൻഡ് ചെയ്തത്.

ചിത്തിരപുരം സെക്ഷന്റെ കീഴിൽ ജോലി നോക്കി വരവെ ബോർഡിന്റെ അനുമതിയില്ലാതെ 11 കെ വി ലൈൻ വലിച്ച് വന്‍കിടക്കാര്‍ക്ക് വൈദ്യുതി നൽകിയതിനെതിരെയാണ് നടപടി. അടിയന്തിരമായി സ്ഥാപിക്കേണ്ട ട്രാൻസ്ഫോർമറുകൾ പോലും സ്ഥാപിക്കാതെ വഴിവിട്ട് റിസോർട്ടുകൾക്കു വേണ്ടി ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വിജിലൻസ് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ റിസോർറ്റുകൾ പോലുള്ള സ്ഥാപനങ്ങൾക്ക് നൽകി വരുന്ന ഉയർന്ന രീതിയിലുള്ള നിരക്കുകൾക്കു പകരം പ്രദേശിക കണക്ഷനുകൾക്ക് നൽകുന്ന സാധാരണ നിരക്കുകൾ അനധികൃതമായി വാങ്ങി ബോർഡിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും വിജിലൻസ് കണ്ടെത്തി.

2016ൽ ഇതേ രീതിയിൽ നടത്തിയ ലക്ഷങ്ങളുടെ അഴിമതി വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സബ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തിരുന്നു.

Leave A Reply