‘മനുഷ്യര്‍ക്ക് ആഗ്രഹങ്ങളുണ്ടാകുമല്ലോ അതുകൊണ്ട് പ്രധാനമന്ത്രിയെ കുറ്റം പറയാനാവില്ല’; നരേന്ദ്രമോദിയെ ട്രോളി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ്. മനുഷ്യര്‍ക്ക് ആഗ്രഹങ്ങളുണ്ടാകുമല്ലോ അതുകൊണ്ട് പ്രധാനമന്ത്രിയെ കുറ്റം പറയാനാവില്ലെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരിഹാസം.

“ഇന്ത്യയുടെ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതിനെ തെറ്റ് അല്ലെങ്കില്‍ കുറ്റം പറയാനാവില്ല. മനുഷ്യര്‍ക്ക് ആഗ്രഹങ്ങളുണ്ടാകുമല്ലോ. അവസാനത്തെ ആഗ്രഹം അല്ലെങ്കില്‍ അന്ത്യാഭിലാഷം എന്നൊക്കെ പറഞ്ഞാല്‍ തെറ്റിദ്ധരിക്കപ്പെടും. അതുകൊണ്ട് ഞാന്‍ ആ പദം ഇവിടെ ഉപയോഗിക്കുന്നില്ല. ഇനി പ്രധാനമന്ത്രിയായി അദ്ദേഹത്തിനൊരു വാര്‍ത്താസമ്മേളനം നടത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിനറിയാം. പ്രധാനമന്ത്രിയായിരിക്കെ അഞ്ചുവര്‍ഷം അദ്ദേഹം മാധ്യമങ്ങളോട് എടുത്ത സമീപനം എന്ത് എന്ന് ഞാനിവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. ഒരുവിധം എല്ലാ വിദേശ രാജ്യങ്ങളിലും ഈ അഞ്ചുവര്‍ഷത്തിനിടെ അദ്ദേഹം കറങ്ങിയിട്ടുണ്ട്.

ഇനിയിപ്പോള്‍ നടക്കാത്ത ഒരാഗ്രഹം, അല്ലെങ്കില്‍ ഇനിയൊരിക്കലും പ്രധാനമന്ത്രിയായി നടക്കാന്‍ സാധിക്കാത്ത ആഗ്രഹം വാര്‍ത്താസമ്മേളനം തന്നെയായിരിക്കും. കാരണം ഇനിയൊരിക്കലും അദ്ദേഹം പ്രധാനമന്ത്രിയാവാന്‍ പോകുന്നില്ല. അതുകൊണ്ട് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയതിനെ തെറ്റുപറയാനാവില്ല.” – എന്നായിരുന്നു റിയാസിന്റെ വാക്കുകള്‍.

Leave A Reply