പാലാരിവട്ടം മേൽപ്പാലം; ന്യൂഡൽഹി ആർഡിഎസ് പ്രോജക്ട് ലിമിറ്റഡ് പ്രതിനിധികളെയും വിജിലൻസ് ചോദ്യം ചെയ്തു

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ച ന്യൂഡൽഹി ആർഡിഎസ് പ്രോജക്ട് ലിമിറ്റഡ് പ്രതിനിധികളെയും വിജിലൻസ് ചോദ്യം ചെയ്തു. പാലം നിർമാണത്തിൽ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടർന്ന് നിർമ്മാണ കമ്പനി പ്രതിനിധികൾക്ക് സമൻസ് അയച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. അന്വേഷണത്തിൽ പ്രാഥമിക റിപ്പോർട്ട് അടുത്തയാഴ്ച വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. മേൽപ്പാലത്തിലെ രൂപരേഖ, ഉപയോഗിച്ച നിർമാണസാമഗ്രികളുടെ സാമ്പിൾ എന്നിവ അന്വേഷണ സംഘത്തിന് കൈമാറി.

നിർമാണ തൊഴിലാളികളുടെ പൂർണ്ണവിവരം നൽകിയിരുന്ന കൂലി നിർമാണച്ചെലവ് എന്നിവ രേഖാമൂലം സമർപ്പിക്കാൻ ആർ ഡി എസ് പ്രോജക്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണത്തിൽ മേൽനോട്ടം വഹിച്ച കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ, പദ്ധതി കൺസൾട്ടന്റ് കിറ്റ്‌കോ, കരാറുകാർ എന്നിവരുടെ മൊഴികളും വിജിലൻസ് രേഖപ്പെടുത്തി.

ലഭ്യമായ വിവരങ്ങൾ വിലയിരുത്തിയപ്പോൾ മേൽപ്പാല നിർമാണത്തിന് ഉപയോഗിച്ച സിമന്റ്, കമ്പി എന്നിവയുടെ അളവിൽ കുറവ് വന്നിട്ടുണ്ടെന്ന് മനസ്സിലായി. പാലത്തിലെ വിള്ളലുകളെ കുറിച്ച് പഠിച്ച ചെന്നൈ ഐഐടിയിൽ സാങ്കേതികവിദഗ്ധർ നൽകിയ റിപ്പോർട്ട് കേസിൽ നിർണായകമാകും.

Leave A Reply