ഓരോ യന്ത്രത്തിലും പതിഞ്ഞിട്ടുള്ള വോട്ടുകണക്ക് പരിശോധിക്കാൻ സൂക്ഷ്മനിരീക്ഷകരെ നിയമിച്ചു

കാക്കനാട്∙ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണുമ്പോൾ ഓരോ യന്ത്രത്തിലും പതിഞ്ഞിട്ടുള്ള വോട്ടുകണക്കു പരിശോധിക്കാൻ പ്രത്യേകം സൂക്ഷ്മനിരീക്ഷകരെ നിയമിച്ചു. എല്ലാ വോട്ടെണ്ണൽ മേശകളിലും ഇവരുടെ സാന്നിധ്യമുണ്ടാകും. കേന്ദ്ര, സംസ്ഥാന സർവീസിലെ ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ സൂക്ഷ്മനിരീക്ഷകരായി നിയമിച്ചത്. ഓരോ യന്ത്രത്തിലും ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ നിരീക്ഷകരെക്കൂടി ബോധ്യപ്പെടുത്തിയാകും സഹവരണാധികാരിമാർക്കു കൈമാറുക.

സ്ഥാനാർഥികളുടെ ഏജന്റുമാരും ഇതു പരിശോധിക്കും. ഓരോ വോട്ടെണ്ണൽ മേശയിലും കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റുമാണ് യന്ത്രങ്ങളിലെ വോട്ടു തിട്ടപ്പെടുത്തുന്നത്. ഭൂരിഭാഗം കൗണ്ടിങ് സൂപ്പർവൈസർമാരും ഗസറ്റഡ് ഉദ്യോഗസ്ഥരാണ്.ഇവരും കൗണ്ടിങ് ഏജന്റുമാരും സൂക്ഷ്മനിരീക്ഷകരും വോട്ടെണ്ണൽ മേശയുടെ പരിസരത്തു നിന്നു നീങ്ങില്ല.

ഓരോ യന്ത്രത്തിലെയും വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത യന്ത്രം വോട്ടെണ്ണൽ മേശയിലെത്തിക്കാനും എണ്ണിക്കഴിഞ്ഞ യന്ത്രം നീക്കാനും പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഒരു വോട്ടെണ്ണൽ മേശയിലേക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരും സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാരും മറ്റു വോട്ടെണ്ണൽ മേശകളുടെ സമീപത്തേക്കു പോകാൻ അനുവദിക്കില്ല.

യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായ ശേഷം ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 5 വീതം വിവിപാറ്റ് രസീതുകൾ എണ്ണും. ഒരു സമയത്തു ഒരു വിവിപാറ്റിലെ രസീതാകും എണ്ണുക. 5 വിവിപാറ്റുകളിലെ രസീതുകൾ ഒരുമിച്ചു എണ്ണില്ലെന്നു ചുരുക്കം. തപാൽ ബാലറ്റും സർവീസ് ബാലറ്റും (സൈനികർ വോട്ടു ചെയ്തത്) എണ്ണാൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേകം ക്രമീകരണമുണ്ട്.

Leave A Reply