വൈദ്യുതി ഓഫീസിലെ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവം ; ഒരാൾ പോലീസ് പിടിയിൽ

കടയ്ക്കൽ : വൈദ്യുതി ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇട്ടിവ അണപ്പാട് ബിജുഭവനിൽ സുമീഷാണ് കസ്റ്റഡിയിലായത് . വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആനപ്പാറയിലുള്ള വൈദ്യുത സെക്‌ഷൻ ഓഫീസിലെത്തിയ സുമീഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ഓവർസിയർ ചന്ദ്രപ്രസാദ് അടക്കമുള്ള ജീവനക്കാർക്കുനേരേ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

സംഭവസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാനെത്തിയവർ ഇടപെട്ട് മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി . വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ സുമീഷിനൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു. പത്തുവർഷമായി കടയ്ക്കൽ വൈദ്യുതി ഓഫീസിലെ കരാർ ജോലികൾ ഏറ്റെടുത്ത് ചെയ്തിരുന്നയാളാണ് സുമീഷ്. പുതിയ ടെൻഡർ നടപടിപ്രകാരം കരാർ നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനുപിന്നിലെന്ന് ജീവനക്കാർ പറയുന്നു.

Leave A Reply