വോട്ടെണ്ണൽ ദിനത്തിൽ കളക്ടറേറ്റ് ശൂന്യമാകും

കാക്കനാട്: ജില്ലയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഇത്തവണ വോട്ടെണ്ണൽ ദിനത്തിൽ കളക്ടറേറ്റിൽ കൺട്രോൾ റൂം, മീഡിയ സെന്റർ തുടങ്ങിയവയൊന്നും ഉണ്ടാകില്ല. എല്ലാ സജ്ജീകരണങ്ങളും കളമശേരിയിലെ കുസാറ്റിലും ഗവ.പോളിടെക്നിക്കിലുമാണ്. എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങൾക്കായി 14 വോട്ടെണ്ണൽ ഹാളുകളാണ് കളമശേരിയിൽ ഒരുക്കിയിട്ടുള്ളത്.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുളള ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വോട്ട് കണക്കു തിട്ടപ്പെടുത്തി ലോക്സഭാ മണ്ഡലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമും ഇവിടെ പ്രവർത്തിക്കും. വിപുലമായ മീഡിയ സെന്ററും ഒരുക്കിയിട്ടുണ്ട്. എറണാകുളം, ചാലക്കുടി മണ്ഡലങ്ങൾക്കു പുറമേ സംസ്ഥാന, ദേശീയതലത്തിലെ ലീഡ് നില വ്യക്തമാക്കുന്ന വലിയ ഡിസ്പ്ലേ ബോർഡും മീഡിയ സെന്ററിലുണ്ടാകും.

നാഷനൽ ഇൻഫർമാറ്റിക് വിഭാഗത്തിനാണു ചുമതല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പാസുള്ളവർക്കു മാത്രമാണ് ഇവിടെ പ്രവേശനം. മാധ്യമപ്രവർത്തകരും വോട്ടെണ്ണൽ ജീവനക്കാരും സ്ഥാനാർഥികളുടെ ഏജന്റുമാരുമല്ലാത്ത ആർക്കും പ്രവേശനം അനുവദിക്കില്ല. പഴുതില്ലാത്ത സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കും.

Leave A Reply