ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവം ; ഡ്രൈവർക്ക് തടവും പിഴയും

കോഴിക്കോട്: അമിതവേഗതയിൽ അശ്രദ്ധമായി ഓടിച്ച സ്വകാര്യബസ്സിടിച്ച് മാവൂർ റോഡിൽ കാൽനടയാത്രക്കാരൻ മരിക്കുകയും രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്ത കേസിൽ ബസ് ഡ്രൈവർക്ക് നാലുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു . ഫറോക്ക് പാലേരിയിൽ ഹമീദിനെയാണ് (54) ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി സി. സുരേഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടരവർഷത്തെ അധിക തടവനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു . പിഴത്തുകയിൽ 25,000 രൂപ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വള്ളുവമ്പ്രം രവീന്ദ്രന്റെ കുടുംബത്തിനും 5000 രൂപ വീതം പരിക്കേറ്റവർക്കും നൽകണമെന്ന് കോടതി നിർദേശിച്ചു. ഐ.പി.സി 304, 308 വകുപ്പുകൾ പ്രകാരം കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് രജിസ്റ്റർചെയ്ത നരഹത്യാകേസിലാണ് കോടതിവിധി.

Leave A Reply