” കണ്ണ് ചൂഴ്ന്നെടുത്തു, വെള്ളം ചോദിച്ചപ്പോൾ വായിലേക്ക് മൂത്രമൊഴിച്ചു, വാരിയെല്ലുകൾ അടിച്ചോടിച്ച് കൊലപ്പെടുത്തി”; രഞ്ജിത്ത് ജോൺസണെ കൊന്നത് ഇഞ്ചിഞ്ചായി പീഡിപ്പിച്ച്

കൊല്ലം: ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയ ശേഷമായിരുന്നു കൊറ്റങ്കര അയ്യരുമുക്ക് പ്രോമിസ് ലാന്റിൽ രഞ്ജിത്ത് ജോൺസണെ (40) പ്രതികൾ കൊലപ്പെടുത്തിയത്. ഇഞ്ചിഞ്ചായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടും തങ്ങളെ ജയിലിൽ കാണാനെത്തിയ സുഹൃത്തുക്കളോടും ഇവർ വെളിപ്പെടുത്തി.

2018 ആഗസ്റ്റ് 15 ഉച്ചയ്‌ക്ക് 2.30ന് പ്രാവിനെ വാങ്ങാനെന്ന വ്യാജേനെ രഞ്ജിത്തിന്റെ വീട്ടിലെത്തിയ കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, വിഷ്‌ണു എന്നിവർ ചേർന്ന് മദ്യം കഴിക്കാനായി ക്ഷണിച്ച് തന്ത്രപൂർവമാണ് കാറിൽ തട്ടിക്കൊണ്ടുപോയത്. ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയപ്പോൾ ബോക്‌സറായ രഞ്ജിത്ത് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂവരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

വൈകിട്ട് 5.30ന് പോളച്ചിറ ഏലായിലെത്തിച്ച് കെട്ടിയിട്ട് മർദ്ദിച്ചപ്പോഴും കൊലപ്പെടുത്തുമെന്ന് രഞ്ജിത്ത് കരുതിയിരുന്നില്ല. അടിച്ചൊടിച്ച് റോഡിൽ ഉപേക്ഷിക്കരുതെന്നും വീടിനകത്ത് കൊണ്ടിട്ടാൽ അമ്മ നോക്കിക്കോളുമെന്നും പ്രതികളോട് രഞ്ജിത്ത് പറഞ്ഞു. ഇതിന് പിന്നാലെയാണ് വിരലുപയോഗിച്ച് കണ്ണ് ചൂഴ്ന്നെടുത്തത്. പ്രാണൻ പിടയുന്ന വേദനയിൽ ‘എന്നെ കൊന്നേക്കൂ” എന്ന് നിലവിളിച്ചു. വെള്ളത്തിന് വേണ്ടി യാചിച്ചപ്പോൾ വായിലേക്ക് മൂത്രമൊഴിച്ചു. പിന്നീട് നാല് വശത്ത് നിന്നും ക്രൂരമായി മർദ്ദിച്ച് വാരിയെല്ലുകൾ പൂർണമായും തകർത്ത് കൊലപ്പെടുത്തി.

16ന് പുലർച്ചെ നാഗർകോവിലിന് സമീപത്തെ സമത്വപുരത്ത് ക്വാറി വേസ്റ്റുകൾക്കിടയിൽ കുഴിച്ച് മൂടിയ മൃതദേഹം പോലീസ് കണ്ടെത്തുന്നത് 22 ദിവസങ്ങൾക്ക് ശേഷമാണ്.

Leave A Reply