വീട്ടുജോലിക്കാരിയെ തൊഴിലുടമ ശിക്ഷിച്ചത് വെയിലിൽ മരത്തില്‍ കെട്ടിയിട്ട്

റിയാദ്: വിലയേറിയ ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിന് സൗദി അറേബ്യയില്‍ വീട്ടുടമസ്ഥൻ ജോലിക്കാരിയെ ശിക്ഷിച്ചു. .ശിക്ഷ എന്താണെന്നോ ? വെയിലത്ത് മരത്തില്‍ കെട്ടിയിട്ടാണ് വീട്ടുടമ ശിക്ഷ നടപ്പാക്കിയത് . സൗദിയിലെ ധനിക കുടുംബത്തില്‍ ജോലി ചെയ്തിരുന്ന ഫീലിപ്പൈന്‍ സ്വദേശി ലൗലി അകോസ്റ്റ ബറുലോയാണ് (26) തൊഴിലുടമയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായത്. വീട്ടിലെ മറ്റ് ജോലിക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വിലയേറിയ ഫര്‍ണിച്ചര്‍ വീടിന് പുറത്ത് വെയിലത്ത് ഇട്ടതിനാല്‍ അവയുടെ നിറം മങ്ങിയതില്‍ അരിശംപൂണ്ടായിരുന്നു തന്നെ കെട്ടിയിട്ടതെന്ന് ലൗലി പറഞ്ഞു. കൈകാലുകൾ വീട്ടിലെ പൂന്തോട്ടത്തിലുള്ള മരത്തോട് ചേര്‍ത്ത് കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഫർണിച്ചർ വെയിൽ കാണിച്ചത് പോലെ വെയിലത്ത് നില്‍ക്കുമ്പോഴുള്ള അവസ്ഥ ബോധ്യപ്പെടുത്താനെന്ന പേരിലായിരുന്നത്രെ ശിക്ഷ. സംഭവം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടെന്നും രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും ഫിലിപ്പൈന്‍ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി .

മേയ് ഒന്‍പതിനാണ് ഈ സംഭവം . തങ്ങളില്‍ നിന്നുണ്ടാവുന്ന ചെറിയ പിഴവുകള്‍ക്ക് പോലും തൊഴിലുടമ ഇത്തരത്തില്‍ കഠിനമായി ശിക്ഷിച്ചിരുന്നുവെന്ന് ഒപ്പം ജോലി ചെയ്യുന്ന സ്ത്രീ പറഞ്ഞു. തന്റെ ഫോട്ടോകള്‍ പകര്‍ത്തി അപ്‍ലോ‍ഡ് ചെയത് തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നാണ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ലൗലി വ്യക്തമാക്കിയത് .അതെ സമയം അവരുടെ സുരക്ഷയോര്‍ത്ത് തനിക്ക് ആശങ്കയുണ്ടെന്നും തന്റെ അതേ അവസ്ഥയിലുള്ള അവരെ രക്ഷ പെടുത്തണമെന്ന് ആഗ്രഹമുണ്ടെന്നും ലൗലി കൂട്ടിച്ചേർത്തു .
23 ലക്ഷത്തിലധികം ഫിലിപ്പൈനികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Leave A Reply