മാരുതി ബ്രെസയുടെ പെട്രോള്‍ മോഡല്‍ 2020ലെത്തും 

മാരുതിയുടെ വിറ്റാര ബ്രെസയ്ക്ക് ഒരേയൊരു പോരായ്മയേ പെട്രോള്‍ എന്‍ജിനില്‍ എത്തുന്നില്ലെന്നതായിരുന്നു. എന്നാല്‍, ആ ഒരു പോരായ്മ കൂടി പരിഹരിച്ച് കംപ്ലീറ്റ് കോംപാക്ട് എസ്‌യുവി ആകാനൊരുങ്ങുകയാണ് ബ്രെസ.

2016-ല്‍ വിപണിയിലെത്തിയ ഈ വാഹനം കഴിഞ്ഞ മൂന്ന് വര്‍ഷമായി പെട്രോള്‍ എന്‍ജിന്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് വാഹനങ്ങള്‍ മാറുന്നതിന് മുന്നോടിയായി ബ്രെസയുടെ പെട്രോള്‍ മോഡല്‍ എത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പുതിയ വാഗണ്‍ ആര്‍, ഇഗ്നീസ് തുടങ്ങിയ വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്ന 1.2 ലിറ്റര്‍ കെ12എം പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും ബ്രെസയിലും നല്‍കുകയെന്ന് എന്‍ഡിടിവി ഓട്ടോമൊബൈല്‍ പോര്‍ട്ടലായ കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ബിഎസ്-4 നിലവാരത്തില്‍ എത്തിച്ചിരിക്കുന്ന ഈ വാഹനം ബിഎസ്-6 ലേക്ക് മാറ്റുമെന്നാണ് വിവരം. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമായിരിക്കും ബ്രെസയിലും ഈ 1.2 ലിറ്റര്‍ കെ-സീരിയസ് പെട്രോള്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.

ഫിയറ്റ് വികസിപ്പിച്ച 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ബ്രെസയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരം മാരുതി നിര്‍മിച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ബ്രെസയില്‍ നല്‍കുമെന്ന് മാരുതി മുമ്പ് തന്നെ അറിയിച്ചിരുന്നു. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് രണ്ട് എന്‍ജിനിലും നല്‍കും.

Leave A Reply