ബജാജ് പള്‍സര്‍ NS125 വിപണിയിലേക്ക്

ബജാജ് പള്‍സര്‍ NS125 -നെ ഈ വര്‍ഷം കമ്പനി ഇന്ത്യയില്‍ കൊണ്ടുവരും. 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിങ് സംവിധാനം കര്‍ശനമായതുകൊണ്ട് സിബിഎസ് യൂണിറ്റുമായാകും പള്‍സര്‍ NS125 ഇവിടെ വില്‍പ്പനയ്ക്ക് വരിക. എബിഎസിനെ അപേക്ഷിച്ച് സിബിഎസ് യൂണിറ്റ് ബൈക്കിന്റെ വില നിയന്ത്രിച്ചു നിര്‍ത്തും.

വിഭജിച്ച ഇരട്ട സീറ്റ ഘടനയാണ് പള്‍സര്‍ NS125 -ന്.ഹെഡ്‌ലാമ്പ്, ഇരട്ടനിറമുള്ള മാസ്‌ക്ക്, ഫ്‌ളൈ സ്‌ക്രീന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, വലിയ ഇന്ധനടാങ്ക് എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ബൈക്കില്‍. 124.5 സിസി ഒറ്റ സിലിണ്ടര്‍ DTS-i എഞ്ചിന്‍ ബൈക്കില്‍ തുടിക്കും. ഭാരത് സ്റ്റേജ് VI നിലവാരം പുലര്‍ത്തുന്ന എഞ്ചിന് എയര്‍ കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണയുണ്ട്. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട വശങ്ങളുള്ള നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും.

240 mm ഡിസ്‌ക്കാണ് പള്‍സര്‍ NS125 -ന്റെ മുന്‍ ടയറില്‍ ബ്രേക്കിങ് നിര്‍വഹിക്കുക. പിന്‍ ടയറില്‍ 130 mm യൂണിറ്റ് ബ്രേക്കിങ്ങിനായുണ്ട്. ഭാരം 126.5 കിലോ. ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm. നിലവില്‍ പോളണ്ടില്‍ പള്‍സര്‍ NS125 -നെ ബജാജ് അവതരിപ്പിക്കുന്നുണ്ട്. ബ്ലാക്ക്, റെഡ്, വൈറ്റ്, യെല്ലോ എന്നിങ്ങനെ നാല് നിറങ്ങളിലാണ് ബജാജ് പള്‍സര്‍ NS125 പോളണ്ടില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഇതേ നിറപ്പതിപ്പുകള്‍ ഇന്ത്യയിലും പ്രതീക്ഷിക്കാം. 7,999 പോളിഷ് സ്ലോട്ടിയാണ് (ഏകദേശം 1.58 ലക്ഷം രൂപ) ബൈക്കിന് പോളണ്ടിൽ വില. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ മോഡലിന് 65,000 രൂപ മുതല്‍ 75,000 രൂപ വരെ വില പ്രതീക്ഷിക്കാം. നിലവിലെ പള്‍സര്‍ 135LS -ന് പകരക്കാരനായാകും പള്‍സര്‍ NS125 ഇങ്ങോട്ടു വരിക.

Leave A Reply