അമേരിക്കയിൽ യുഎസ് കോണ്‍ഗ്രസ് അംഗത്തിനെതിരെ വർഗീയ പരാമർശവുമായി ട്രംപ്; വ്യാപക വിമർശനം

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണൾഡ്‌ ട്രംപ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തിൽ വ്യാപക വിമര്‍ശനം. മുസ്ലിം സിവില്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇല്‍ഹാന്‍ ഒമര്‍ പങ്കെടുത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇല്‍ഹാന്‍ ഒമര്‍ വിരുന്നില്‍ പങ്കെടുക്കുന്ന ദൃശ്യം കൂട്ടിച്ചേര്‍ത്ത് “ഇത് ഞങ്ങള്‍ മറക്കില്ല” എന്ന കുറിപ്പോടെയാണ് ട്രംപ് വീഡിയോ ട്വീറ്റ് ചെയ്തത്.
ട്രംപിന്‍റെ ട്വീറ്റിനെ ഹൗസ് സ്പീക്കര്‍ നാന്‍സ് പെലോസി തള്ളിപ്പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനത്തിനുവേണ്ടി അമേരിക്കന്‍ ജനതയെ എക്കാലത്തും വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും ട്വീറ്റിലൂടെ തെറ്റായ സന്ദേശമാണ് പ്രസിഡന്‍റ് നല്‍കുന്നതെന്നും പെലോസി വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രണ്ട് മുസ്ലിം വനിതകളില്‍ ഒരാളാണ് ആഫ്രിക്കന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍. ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളി ആക്രമണത്തെ തുടര്‍ന്ന് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ് സംഘടിപ്പിച്ച പരിപാടിയില്‍ പരിപാടിയില്‍ ഇസ്ലാമോഫോബിയ എന്ന വിഷയത്തില്‍ ഇല്‍ഹാന്‍ ഒമര്‍ സംസാരിച്ചിരുന്നു. ചിലര്‍ ചെയ്ത തെറ്റിന് എല്ലാവരും അനുഭവിക്കുകയാണെന്ന അവരുടെ പ്രസ്താവനക്കെതിരെ വലതുപക്ഷം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ട്വീറ്റ്.
ട്രംപിന്‍റെ ട്വീറ്റിന് പ്രതികരണവുമായി ഇല്‍ഹാന്‍ ഒമറും രംഗത്തെത്തി. ഇത്തരം പരാമര്‍ശങ്ങളിലൂടെയൊന്നും തന്നെ നിശബ്ദായാക്കാമെന്ന് കരുതേണ്ടെന്നും തന്‍റെ അചഞ്ചലമായ രാജ്യസ്നേഹത്തെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നും ഒമര്‍ ട്വീറ്റ് ചെയ്തു. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

Leave A Reply