Your Image Description Your Image Description
Your Image Alt Text

നാണം കെട്ടും പണം നേടിയാൽ, നാണക്കേട് ആ പണം മാറ്റിക്കൊള്ളും എന്ന് ഒരു പഴഞ്ചൊല്ലുണ്ട്. അത് രാഷ്ട്രീയക്കാരെ സംബന്ധിച്ച് മാറ്റി എഴുതിയാൽ നാണം കെട്ടും വികസനം നേടിയാൽ ആ വികസനം നാണക്കേട് മാറ്റിക്കൊള്ളും എന്നാക്കി മാറ്റാം. അതിനു ഉത്തമ ഉദാഹരണമാണ് തോമസ് ചാഴിക്കാടന്റെ പാലായിലെ സംഭവം.

പിണറായി വിജയൻറെ വേദിയിൽ പ്രസംഗികനായ ചാഴികാടൻ വിഷയത്തിൽ നിന്നും മനപ്പൂർവം തെന്നിമാറി മണ്ഡലത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചത് പലരും പല രീതിയിൽ വിമർശിച്ചുവെങ്കിലും ബജറ്റ് വന്നപ്പോൾ ലോട്ടറി അടിച്ചത് ചാഴിക്കാടനും കേരള കോൺഗ്രസിനുമാണ്.

ജോസ് കെ മാണിക്കും പാലായ്ക്കുമാണ്. എംഎൽഎയുടെ മിടുക്കുകൊണ്ടെന്ന് പറഞ്ഞു പാലായിൽ പലയിടത്തും ഫ്ളക്സ് കേറിയിട്ടുണ്ടെങ്കിലും എല്ലാവര്ക്കും കാര്യം ബോധ്യപ്പെട്ടിട്ടുമുണ്ട്. പാണ്ടിയിൽ ആന പെറ്റാലും ഞമ്മളാണുത്തരവാദിയെന്ന് മമ്മൂഞ്ഞു പറയുന്നത് പോലെയാണ് എം എൽ എ പറയുന്നത് .

സ്ഥാനത്തും അസ്ഥാനത്തും കാലാവസ്ഥ നോക്കാതെ ആവശ്യം ഉന്നയിക്കുന്ന ഒരു ജനപ്രതിനിധിയായി ചാഴിക്കാടൻ വളർന്നിരുന്നു. എന്നാൽ പാലായിലെ സംഭവം, ചാഴിക്കാടനെയും പിണറായിയേയും ചീത്ത വിളിക്കുന്ന അവസ്ഥയിൽ കാര്യങ്ങളെത്തിച്ചു.

അനുകൂലമായും പ്രതികൂലമായും പലരും പലതും പറഞ്ഞു. പിണറായിയെ മുച്ചൂടും ചീത്ത വിളിച്ചു. ചാഴിക്കാടൻ അപ്പോഴും ചിരിച്ചു. പിണറായി മൗനം ഭജിച്ചു. എല്ലാവരും അസ്ഥാനത്ത് ആവശ്യം ഉന്നയിച്ച ചാഴിക്കാടനെ പഴി പറഞ്ഞു. ഒടുവിൽ ബജറ്റിൽ എല്ലാം ശുഭമായി അവസാനിച്ചു.

ഇവിടെയാണ് ചാഴിക്കാടന്റെ ആത്മവിശ്വാസം കാണേണ്ടത്. അത് ഫലം കാണുകയും ചെയ്തു. ഇതൊന്നും ഇവിടെ പറയാൻ ഉദ്ദേശിച്ചതല്ല. റബ്ബറിന് അടിസ്ഥാനവില 10 രൂപ കൂട്ടിയെന്ന് പറയുമ്പോൾ ഫ്രാൻസിസ് ജോർജ്ജ് അടക്കം ചില രാഷ്ട്രീയ എതിരാളികളുടെ പരിഹാസം നിറഞ്ഞ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ് .

ഇന്ന് കേരളത്തിലെ ആർ എസ് എസ് റബ്ബറിന്റെ വില 165 രൂപയാണ്. ഇന്ത്യയിൽ തന്നെയുള്ള അഗർത്തലയിൽ അത് 153 രൂപയാണ്. 12 രൂപയുടെ വ്യത്യാസം. കേരളത്തിൽ നിന്ന് റബ്ബർ ഡൽഹി-ഗുജറാത്ത് മുതൽ സ്ഥലങ്ങളിൽ എത്തണമെങ്കിൽ 12 രൂപ ചിലവ് വരും. അതായത് 177 രൂപ.

ഇതേസമയം അഗർത്തലയിൽ നിന്നും ഡൽഹിയിൽ എത്താൻ 5 രൂപ മതി. അതായത് 28 ടൺ റബ്ബർ കോട്ടയത്ത് നിന്ന് ഡൽഹിയിൽ എത്താൻ മൂന്ന് ലക്ഷത്തി മുപ്പത്തിയാറായിരം രൂപയാകുമ്പോൾ അഗർത്തലയിൽ നിന്നും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ മതി.

ഏകദേശം 2 ലക്ഷം രൂപ വണ്ടിക്കൂലി, കയറ്റിറക്ക് കൂലി തുടങ്ങിയവയിൽ മാത്രം ലാഭമാണ്. കൂടാതെ വില വ്യത്യാസം 2 ലക്ഷം വേറെയും. ഈ സാഹചര്യത്തിൽ നിങ്ങൾ ആരുടെ കൈയിൽ നിന്നും റബ്ബർ വാങ്ങും. ഈ സാഹചര്യത്തിലാണ് പത്ത് രൂപ കൂട്ടി 180 രൂപ അടിസ്ഥാനവിലയിട്ട് സർക്കാർ കർഷകരെ സഹായിക്കുന്നത്.

5 ലക്ഷം ടൺ ആഭ്യന്തര ഉല്പാദനമുള്ള കേരളത്തിൽ ഒരു കിലോക്ക് പത്ത് രൂപ കൂടുമ്പോൾ 500 കോടി രൂപയാണ് ഖജനാവിന് നഷ്ടം. ഏത് സർക്കാരിന് ഇത് സാധിക്കും. അഗർത്തലയിൽ 200 രൂപയിൽ താഴെ ടാപ്പിംഗ് കൂലി ഉള്ളപ്പോൾ കേരളത്തിൽ അത് ആയിരത്തിൽ ഒതുങ്ങുമോ?

അഗർത്തലയിൽ പതിനായിരം രൂപക്ക് ഏക്കർ ഭൂമി ലഭിക്കുമ്പോൾ കേരളത്തിൽ ഒരു സെന്റ് ഭൂമി 25,000 രൂപക്ക് കിട്ടുമോ? അപ്പോൾ ഉല്പാദന ചിലവ് കൂടിപ്പോയതാണ് കേരളത്തിന്റെ പ്രശ്നം. അതിൽ ഒരു സർക്കാരിനെയും കുറ്റം പറയാൻ സാധിക്കില്ല.

പറ്റും ചിദംബരം പങ്കാളിയായിരുന്ന കോൺഗ്രസ് സർക്കാരിനെ, ആസിയാൻ കരാറിനെ , ഇതെല്ലാം മനഃപൂർവം മറന്ന് സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അണ്ണൻ കുഞ്ഞിനും തന്നാലായത് എന്ന നിലയിലായിരുന്നു കെ എം മാണി റബ്ബർ വില സ്ഥിരതാഫണ്ട് പ്രഖ്യാപിച്ചത്.

ഇവിടെ നിങ്ങൾ സമരം ചെയ്യേണ്ടതും വിമർശന വിധേയമാക്കേണ്ടതും റബ്ബറിന്റെ വില കുറവിനെയല്ല. മറിച്ച് ആ വില കുറവിനനുസരിച്ച് ടയർ അടക്കമുള്ള റബ്ബർ ഉല്പന്നങ്ങൾക്ക് വില കുറയാത്തതി നായിരിക്കണം.

പത്ത് രൂപ വർധിപ്പിച്ചതിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ വിമർശിച്ച ഫ്രാൻസിസ് ജോർജ്ജിനും കോൺഗ്രസുകാർക്കും തങ്ങൾ അധികാരത്തിൽ വന്നാൽ ആസിയാൻ കരാറിൽ പൊളിച്ചെഴുത്ത് നടത്തുമെന്ന് പറയാനും വില കുറയ്ക്കണമെന്ന് പറഞ്ഞു ടയർ കമ്പനികളുടെ മുന്നിലും അവരുടെ സഹോദര സ്ഥാപനങ്ങളുടെ മുന്നിലും സമരം ചെയ്യാനും ധൈര്യം ഉണ്ടോ?

അത് ഉണ്ടാകില്ല, കുടൽ വിറക്കും. പിന്നെന്തിനാണ് വെറുതെയുള്ള അധരവ്യായാമം. രാഷ്ട്രീയക്കാർ കേരളത്തിലെ ജനങ്ങളെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യം ഒന്നേയുള്ളൂ. ഇനി ഒരു കാരണവശാലും റബ്ബറിന് വില കൂടില്ലെന്ന്. പി സി ജോർജ്ജും കുറേക്കൂടി പഠിക്കാനുണ്ട് , ജോർജ്ജിന് ഒന്നുമറിയില്ല , ജോർജ്ജ് കുട്ടിയാണ് .

250 രൂപ അടിസ്ഥാന വിലയായി സർക്കാർ നിശ്ചയിച്ചാൽ അത് അട്ടിമറിക്കപ്പെടുമെന്നതിൽ എന്തെങ്കിലും സംശയമുണ്ടോ? അഗർത്തലയിൽ നിന്നും 153 രൂപക്ക് റബ്ബർ വാങ്ങി കേരളത്തിലെ കർഷകരുടെ പേരിൽത്തന്നെ ഇടനിലക്കാർ 250 രൂപക്ക് മറിച്ചുവിൽക്കും.

എല്ലാം കഴിഞ്ഞു 28 ടൺ ഉള്ള ഒരു ലോഡിന് 25 ലക്ഷം രൂപ ലാഭം കിട്ടും. മദ്യം കടത്തിയാലും സ്വർണ്ണം ഒളിപ്പിച്ചു കൊണ്ടുവന്നാലും ഇത്രയും ലാഭം കിട്ടില്ല. എല്ലാം ഇടനിലക്കാരുടെ കൈയ്യിൽ ഭദ്രം. പി സി ജോർജ്ജ് ഇതൊന്ന് പഠിക്ക് .

Leave a Reply

Your email address will not be published. Required fields are marked *