തമോഗര്‍ത്തം; ആദ്യമായി ചിത്രം ക്യാമറയില്‍ പകര്‍ത്തി ജ്യോതിശ്ശാസ്ത്രജ്ഞര്‍

ചരിത്രത്തിലാദ്യമായി തമോഗര്‍ത്തത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജ്യോതിശ്ശാസ്ത്രജ്ഞര്‍. ബുധനാഴ്ചയാണ് ചരിത്രപ്രധാനമായ ചിത്രം ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്.

തമോഗര്‍ത്തത്തെ വാതകവും പ്ലാസ്മയും നിറഞ്ഞ തീജ്വാലനിറമുള്ള വലയം ആവരണം ചെയ്തിരിക്കുന്ന ചിത്രമാണ് പുറത്തു വിട്ടത്. മെസിയോ 87 (എം87) എന്ന ആകാശഗംഗയിലുള്ള തമോഗര്‍ത്തം ഭൂമിയില്‍നിന്ന് 5.5 കോടി പ്രകാശവര്‍ഷം അകലെയാണ്. ഈ ദൂരം ഏകദേശ കണക്കാണെന്ന് ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ (സി.എന്‍.ആര്‍.എസ്.) ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രെഡറിക് ഗോഥ് പറഞ്ഞു. ബ്രസല്‍സ്, ഷാങ്ഹായി, ടോക്യോ, വാഷിങ്ടണ്‍, സാന്തിയാഗോ, തായ്പേയ് എന്നിവിടങ്ങളില്‍ ഒരേസമയം വാര്‍ത്താസമ്മേളനം നടത്തിയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

കാണാന്‍ കഴിയാത്ത കറുത്തനക്ഷത്രങ്ങളുടെ ഗൂഢരഹസ്യങ്ങളെത്തേടിയുള്ള ശാസ്ത്രജ്ഞരുടെ യാത്ര 18-ാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്. ഭീമാകാരനായ ഒരു വലിയ ദൂരദര്‍ശിനി നിര്‍മിക്കുന്നതിനുപകരം ഒട്ടേറെ വാനനിരീക്ഷണ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചായിരുന്നു പ്രവര്‍ത്തനമെന്ന് ഫ്രാന്‍സിലെ ഗ്രെനോബിളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മില്ലിമെട്രിക് റേഡിയോ അസ്ട്രോണമിയിലെ ഗവേഷകന്‍ മൈക്കിള്‍ ബ്രെമര്‍ പറഞ്ഞു.

2017 ഏപ്രിലിലെ വ്യത്യസ്ത ദിവസങ്ങളിലായി ഹവായി, അരിസോണ, സ്പെയിന്‍, മെക്സിക്കോ, ചിലി തുടങ്ങി എട്ടിടങ്ങളിലായി സ്ഥാപിച്ച റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. ഇത്രദൂരത്തായി സ്ഥിതിചെയ്യുന്ന എം87-ലെ തമോഗര്‍ത്തത്തെ പകര്‍ത്താനുള്ള ശ്രമം പ്രയാസകരമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. 60 സ്ഥാപനങ്ങളില്‍നിന്നുള്ള 200 വിദഗ്ധര്‍ ചേര്‍ന്നു നടത്തിയ ആറു പഠനങ്ങള്‍ വിശകലനം ചെയ്താണ് തമോഗര്‍ത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ആസ്ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Leave A Reply