പ്രധാനമന്ത്രിയൊടൊപ്പം സെൽഫി പോസ്റ്റു ചെയ്യാൻ എളുപ്പമാണ്, സിനിമയെ ആരും പിന്തുണയ്ക്കുന്നില്ല; വിവേക് ഒബ്റോയ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന ‘പി.എം നരേന്ദ്ര മോദി’ സിനിമ വിവാദങ്ങളിൽപെട്ടപ്പോൾ സഹതാരങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് നടൻ വിവേക് ഒബ്റോയ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഇക്കാര്യം വ്യക്തമാക്കിയത്.

“നമ്മളുടേത് ഒരു ഐക്യമുള്ള വ്യവസായമല്ലെന്ന് എനിക്ക് തോന്നുന്നു. പത്മാവത് സിനിമ സംബന്ധിച്ച വിവാദത്തിൽ സഞ്ജയ് ഭാൻസാലിക്ക് നമ്മൾ എല്ലാവരും ഒന്നിച്ച് പിന്തുണ നൽകി. മൈ നെയിം ഈസ് ഖാനും ഇതുപോലെ എല്ലാവരും പിന്തുണച്ചിരുന്നു. ഒരു വ്യവസായമെന്ന നിലക്ക് നമ്മൾ ഒന്നിച്ചു നിൽക്കേണ്ടവരാണ്. പ്രധാനമന്ത്രിയൊടൊപ്പം സെൽഫി പോസ്റ്റു ചെയ്യുന്നത് എളുപ്പമാണ്. ബി.ജെ.പി തിരിച്ചുവരരുതെന്ന് 600 ഓളം കലാകാരന്മാർ ഇപ്പോൾ പറയുന്നു. അതിനെ ഞാൻ ബഹുമാനിക്കുന്നു, അവർക്ക് അതിനുള്ള എല്ലാ അവകാശവും ഉണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പ് സമയത്ത് ഉഡ്താ പഞ്ചാബ് സിനിമ റിലീസ് ചെയ്യുന്നതിന് വിലക്ക് വന്നപ്പോൾ അനുരാഗ് കശ്യപിനെപ്പോലുള്ളവർ പ്രതിഷേധം നടത്തി റിലീസ് നടത്തിയിരുന്നു. അത് ജനാധിപത്യത്തിൻെറ അടയാളമാണ്. എന്നാൽ ഞങ്ങളുടെ സിനിമയെ പിന്തുണക്കാൻ ആരും എത്തിയില്ല. അവർ ഞങ്ങളുടെ സിനിമയെ വിലക്കാൻ ശ്രമിക്കുന്നു.” – ഒബ്റോയി പറഞ്ഞു.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ സിനിമ എന്നാണ് പ്രചാരണം. സിനിമയുടെ റിലീസിൽ ഇടപെടാനാകില്ലെന്ന് ഇന്നലെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

Leave A Reply