മധുരരാജയുടെ ബജറ്റ് കൂട്ടിപ്പറയാന്‍ ശ്രമിച്ച് നിർമാതാവ്; പിന്തിരിപ്പിച്ച് മമ്മൂട്ടി

മധുരരാജയുടെ ബജറ്റ് കൂട്ടിപ്പറയാന്‍ ശ്രമിച്ച നിർമാതാവിനെ പിന്തിരിപ്പിച്ച് മമ്മൂട്ടി. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം. പോക്കിരി രാജയെ അപേക്ഷിച്ചുനോക്കുമ്പോള്‍ കുറച്ചുകൂടി വലിയ സിനിമയാണ് മധുരരാജയെന്ന് നിർമാതാവ് നെല്‍സണ്‍ ഐപ്പ് പറഞ്ഞു. ‘മധുരരാജ എല്ലാ പ്രൊഡക്‌ഷന്‍ വര്‍ക്കും കഴിഞ്ഞ് 27 കോടി രൂപയായി. ഇതാണ് അതിന്റെ സത്യം. ഇത് തള്ളലൊന്നും അല്ല. കറക്റ്റ് 27 കോടി’.–നെല്‍സണ്‍ ഐപ്പ് പറഞ്ഞു.
ഇതിനിടെ ചിരിച്ചുകൊണ്ട് ഇടപെട്ട മമ്മൂട്ടി തന്നോട് നെല്‍സണ്‍ ഐപ്പ് ബജറ്റ് കൂട്ടിപറയട്ടേയെന്ന് ചോദിച്ച കാര്യം പറഞ്ഞു. ‘എന്റെയടുത്ത് രണ്ട് കൂട്ടിപ്പറഞ്ഞു ആദ്യം. എന്നോട് ചോദിച്ചു ഒരു മുപ്പത് പറയട്ടെ? ഞാന്‍ പറഞ്ഞു, ഉള്ളത് പറഞ്ഞാല്‍ മതി. അതേ ഇവര് വിശ്വസിക്കൂ.’–തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.
‘ഇതൊരു മെഗാ സ്റ്റാര്‍ സിനിമയല്ലേ. സംവിധായകന്‍ വൈശാഖ്, തിരക്കഥ ഉയദകൃഷ്ണ, നായകന്‍ മമ്മൂട്ടി, പീറ്റര്‍ ഹെയ്ന്‍, പിന്നെ ബോളിവുഡില്‍ നിന്നൊരു നടി വന്നു. ഇതിനെല്ലാം ചെലവുണ്ടല്ലോ. അങ്ങനെ ആകെ ഇത്രയും ചെലവായി.’–നെൽസൺ വ്യക്തമാക്കി.
ചിത്രത്തില്‍ സണ്ണി ലിയോണിന്റെ കഥാപാത്രത്തിന്റെ പ്രധാന്യത്തേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ കണ്ടാല്‍ മനസ്സിലാകുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘ഇതൊരു ഉദാത്തമായ കഥയാണ് എന്ന് പറയുന്നില്ല. ഈ സിനിമയുടെ കഥാ പശ്ചാത്തലത്തിന് അവരുടെ സാന്നിധ്യവും പാട്ടും എത്രത്തോളം ചേരുമെന്ന് നിങ്ങള്‍ കണ്ട് തീരുമാനിക്കേണ്ടതാണ്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പൃഥ്വിരാജ് വരുന്നില്ല. അങ്ങനെയുള്ള സസ്‌പെന്‍സുകള്‍ ഒന്നുമില്ല.’–മമ്മൂട്ടി പറഞ്ഞു.

Leave A Reply