ആളുമാറി; നടി അനുപമയ്‌ക്ക് നേരെ ഫേസ്ബുക്കിൽ അസഭ്യവർഷവും വിമർശനവും

‘ഐഎഎസ് എന്നാൽ എന്തുമാകാമെന്നല്ല, കൂടുതൽ കളിച്ചാൽ നോർത്ത് ഇന്ത്യയിലേക്കു സ്ഥലം മാറ്റും.’ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുമിഞ്ഞുകൂടുന്ന വിമർശന കമന്റുകളിൽ അന്തംവിട്ടിരിക്കുകയാണ് നടി അനുപമ പരമേശ്വരൻ. ഐഎഎസ്, ഇലക്‌ഷൻ, ബിജെപി… അങ്ങനെ നടിയുമായി ഒരുബന്ധവുമില്ലാത്ത കാരണങ്ങളാണ് കമന്റ് നിറയെ.
താരത്തിന്റെ ആരാധകർക്കുപോലും കാര്യമെന്തെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീടു പിടികിട്ടി. പേരാണ് പണി പറ്റിച്ചത്. തൃശൂർ കലക്ടര്‍ ടി.വി. അനുപമയ്ക്കു നേരെയുള്ള രോഷമാണ് നടി അനുപമ പരമേശ്വരനു നേരെ തിരിഞ്ഞുപോയത്.
മുടിഞ്ഞുപോകുമെന്നും നീ അനുഭവിക്കുമെന്നുമൊക്കെയുള്ള ശാപവാക്കുകളാണ് അനുപമയുടെ പേജിൽ നിറയെ. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ കലക്ടർ ടി.വി. അനുപമ നോട്ടിസ് അയച്ചിരുന്നു. ഇതിൽ പ്രകോപിതരായി പ്രതിഷേധമറിയിക്കാൻ ടി.വി. അനുപമയുടെ പേരു തിരഞ്ഞ് ഫെയ്സ്ബുക്കിലെത്തിയ ചിലർ നേരെ പോയത് നടി അനുപമയുടെ പേജിലേക്ക്.

Leave A Reply