തമിഴ്‌നാട്ടില്‍ കഴുകന്മാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന, വിവിധ ഇനത്തില്‍പെട്ട  കഴുകന്മാരെ കണ്ടെത്തിയതായി സർവേ റിപ്പോർട്ട് 

ചെന്നൈ: തമിഴ്‌നാട്ടില്‍ കഴുകന്മാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയെന്ന് സർവേ റിപ്പോർട്ട്. മുതുമല, സത്യമംഗലം കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഒരേസമയം നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം  കണ്ടെത്തിയത്. നീലഗിരി ജൈവസംരക്ഷണ മേഖലയില്‍ മാത്രം കണ്ടുവരുന്ന വിഭാഗത്തില്‍പെട്ട കഴുകന്മാരെയാണ് കണ്ടെത്തിയത്.

ദേഹത്ത് വെള്ള നിറം കലര്‍ന്ന ജിപ്‌സ് ബെംഗാലെന്‍സിസ്, ചുവന്ന തലയുള്ള സാര്‍കോജിപ് കാല്‍വസ്, നീണ്ട കൊക്കുള്ള ജിപ്‌സ് ഇന്‍ഡികസ് എന്നീ ഇനത്തില്‍പെട്ട 180നോടടുത്ത് കഴുകന്മാര്‍ ഇരു കേന്ദ്രങ്ങളിലുമായി ഉണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുമ്പു നടത്തിയ സര്‍വേയില്‍ ഇത് 160 ആയിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴുകന്മാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്ന് രണ്ടു സര്‍വേകളും ഏകോപിപ്പിച്ച സത്യമംഗലം കടുവ സംരക്ഷണ കേന്ദ്രം ഡയറക്ടര്‍ വി നാഗനാഥന്‍ പറഞ്ഞു. വെള്ള നിറം കലര്‍ന്ന കഴുകന്മാരുടെ കൂടുകള്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.  എന്നാല്‍, ചുവന്ന തലയുള്ള വിഭാഗത്തില്‍ പെടുന്നവയോ ഈജിപ്ഷ്യന്‍ കഴുകന്മാരെയോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സര്‍വേ നയിച്ച അസോസിയേഷന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് ഇന്ത്യന്‍ റാപ്‌റ്റേഴ്‌സ് സെക്രട്ടറി എസ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

അതേസമയം,  ആകാശത്ത് പറക്കുന്നതായി കണ്ട ഒരു കൂട്ടം കഴുകന്മാര്‍ ചുവന്ന തലയുള്ള വിഭാഗത്തില്‍ പെട്ടതാണെന്നാണ് നിഗമനമെന്നും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും  ചില സര്‍വേ വോളണ്ടിയര്‍മാര്‍ പറഞ്ഞു.

സത്യമംഗലം സംരക്ഷണ മേഖലയോടു ചേര്‍ന്നുകിടക്കുന്ന നീലഗിരിയുടെ വടക്കുകിഴക്കന്‍ താഴ്‌വരയിലാണ് നീണ്ട കൊക്കുള്ള കഴുകന്മാരെ കണ്ടത്.

Leave A Reply