പൃഥ്വിരാജ് വിവാഹം കഴിഞ്ഞ് ലണ്ടനിലാണ് അതിനാൽ മധുരരാജയിൽ ഇല്ല; മമ്മൂട്ടി

പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പൃഥിരാജ് എത്താത്തതിന്റെ കാരണം വിശദീകരിച്ച് മമ്മൂട്ടി. ‘പോക്കരിരാജയില്‍ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സ്ഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല’ തമാശരൂപേണ മമ്മൂട്ടി പറഞ്ഞു. മധുരരാജയിലെ മറ്റ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് രാജയുടെ രണ്ടാം ഭാഗമെന്ന് പറയാൻ കഴിയില്ല, രണ്ടാം വരവ് ആണ്. ആദ്യ ഭാഗത്തില്‍ സലിം കുമാർ, നെടുമുടി വേണു, സിദ്ദിഖ് തുടങ്ങിയവർ രണ്ടാം ഭാഗത്തിലും ഉണ്ടാകും. രാജ വരുന്നത് പുതിയൊരു സ്ഥലത്തേക്കാണ്, അവിടെ പുതിയ രീതികളാണ്. ചിത്രത്തിൽ ജയ് അഭിനയിക്കുന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞാൽ രസച്ചരട് പൊട്ടിപ്പോകും. ഒരു ക്ലൂ തരാം, ജയ്‌യുടെ കഥാപാത്രം വരുന്നത്, മധുരയിൽ നിന്നാണ്.’-മമ്മൂട്ടി പറഞ്ഞു.

നല്ല സിനിമയ്ക്ക് കാല-ദേശ-ഭാഷാന്തരങ്ങൾ ഇല്ലെന്നും അതിനാലാണ് പത്തുവർഷത്തിനു ശേഷം പോക്കിരി രാജയിലെ കഥാപാത്രങ്ങളുടെ തുടർച്ചയായ മധുരരാജയിൽ അഭിനയിച്ചതെന്നും മമ്മൂട്ടി വ്യക്തമാക്കി. ന്യൂ ജനറേഷൻ സിനിയ്ക്കു പകരം ഫ്രീ ജനറേഷൻ സിനിമ എന്ന രീതിയിലാണ് ചലച്ചിത്രത്തെ നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരം സിനിമകളിലും അഭിനനയിക്കണം എന്നതാണ് ആഗ്രഹം. നടനാകുമ്പോൾ എല്ലാ കഥാപാത്രങ്ങളും പരിശ്രമിക്കണമെന്നുണ്ട്. അതിനുള്ള ധൈര്യം 36 വർഷമായി രംഗത്തുള്ള തനിക്ക് പ്രേക്ഷകർ തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക തരത്തിലുള്ള സിനിമയിലേ അഭിനയിക്കൂ എന്നു പറഞ്ഞാൽ അത് ഒളിച്ചോട്ടമോ വ്യാജമോ ആകും. എല്ലാ തരത്തിലുമുള്ള വേഷങ്ങൾ ചെയ്യാനാകണം. നന്മയുടെ ഭാഗത്തുള്ള സിനിമയാണ് മധുരരാജ. എല്ലാത്തരം പ്രേക്ഷകരെയും മുന്നിൽക്കണ്ടാണ് അത് ചെയ്തിരിക്കുന്നത്. പത്തുവർഷത്തിനു ശേഷം വരുമ്പോൾ നായകന് പ്രായമേറെ ആകില്ലേ എന്ന ചോദ്യത്തിന് ജയിംസ് ബോണ്ട് രീതിയാണ് ഇതിനുള്ളതെന്ന് അദ്ദേഹം നർമത്തിൽ മറുപടി നൽകി.

നടൻ സലിംകുമാർ, രമേഷ് പിഷാരടി, ബൈജു ജോൺസൺ, അനുശ്രീ, നിർമാതാവ് നെൽസൺ, ആക്‌ഷൻ സംവിധായകൻ പീറ്റർ ഹെയ്ൻ തുടങ്ങിയവരും പങ്കെടുത്തു. അൽവഹദ മോളിൽ ഇന്ന് ചലച്ചിത്രത്തിന്റെ ആദ്യ ട്രെയിലർ പ്രദർശനം വൈകിട്ട് ആറിന് നടക്കും. ഏപ്രിൽ 12നാണ് മധുരരാജയുടെ റിലീസ്.

Leave A Reply