ജെ ആൻഡ് ജെ ബേബി ഷാംപുവിൽ കാൻസറിനു കാരണമാകുന്ന ഘടകം കണ്ടെത്തിയാതായി റിപ്പോർട്ട്

ജയ്പുർ: ജോണ്‍സൺ ആൻഡ് ജോൺസണിന്റെ (ജെ ആൻഡ് ജെ) ബേബി ഷാംപുവിൽ കാൻസറിനു കാരണമാകുന്ന ഘടകം കണ്ടെത്തിയതായി അധികൃതര്‍. രാജസ്ഥാനിൽ നടത്തിയ പരിശോധനയിലാണ് കാൻസറിനു കാരണമാകുന്ന രാസവസ്തു ഫോർമാല്‍ഡിഹൈഡിന്റെ ഘടകങ്ങൾ കണ്ടെത്തിയതെന്ന് രാജസ്ഥാനിലെ ഡ്രഗ് കൺട്രോളർ രാജാ റാം ശർമ പറഞ്ഞു.

ഏതാനും മാസങ്ങൾക്കു മുൻപ് കമ്പനിയുടെ ബേബി പൗഡറിനുനേരെയും സമാന ആരോപണം ഉയർന്നിരുന്നു. കാൻസറിനു കാരണമായ ആസ്ബെസ്റ്റോസ് ഘടകം പൗഡറിലുണ്ടെന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണ്. എന്നാൽ സർക്കാർ നടത്തിയ പരിശോധനകളിൽ ആസ്ബസ്റ്റോസ് കണ്ടെത്താത്തതിനാൽ ബേബി പൗഡറിന്റെ ഉത്പാദനം തുടങ്ങിയതായി ഫെബ്രുവരി അവസാനത്തോടെ ജെ ആൻഡ് ജെ അറിയിച്ചിരുന്നു.

2 ബാച്ചിൽനിന്നു തിരഞ്ഞെടുത്ത ജെ ആൻഡ് ജെ ഷാംപുവിന്റെ 24 കുപ്പികളാണു പരിശോധിച്ചത്. ‘പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ് ആണ് കണ്ടെത്തിയത്. എന്നാൽ കമ്പനി ഇപ്പോൾ പറയുന്നത് അവർ അത് ഉപയോഗിച്ചിട്ടില്ലെന്നാണ്. എന്തായാലും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എത്ര ശതമാനമാണ് കണ്ടെത്തിയതെന്ന് പുറത്തു പറയാനാകില്ല. കമ്പനി എതിർത്തതിനാൽ ഈ സാംപിളുകൾ കേന്ദ്ര ലബോറട്ടറിയിൽ വീണ്ടും പരിശോധന നടത്തും. ഈ പരിശോധനയ്ക്കുശേഷമേ അടുത്ത നടപടികൾ ഉണ്ടാകുകയുള്ളൂ.’ – ഡ്രഗ് കൺട്രോളർ രാജാ റാം ശർമ പറഞ്ഞു.

Leave A Reply