Your Image Description Your Image Description
Your Image Alt Text

ചെന്നൈ: ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് തമിഴകത്ത് വലിയ വാര്‍ത്തയാണ്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയ രംഗത്തേക്ക് വിജയ് ഇറങ്ങിയത് തമിഴ്‌നാട് മുഖ്യമന്ത്രി കസേര ലക്ഷ്യം വച്ചിട്ടാണ് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. തന്റെ ഫാന്‍സ് ക്ലബുകളെ രാഷ്ട്രീയമായി പരിവര്‍ത്തനപ്പെടുത്തി 2026 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയ് നീങ്ങുന്നത്. ഇതിനിടെയാണ് താര രാഷ്ട്രീയം സംബന്ധിച്ച് നടന്‍ അരവിന്ദ് സ്വാമി നടത്തിയ പ്രസ്താവന വീണ്ടും വൈറലാകുന്നത്. ഒരു അഭിമുഖത്തിലാണ് അരവിന്ദ് സ്വാമി ഇത്തരത്തില്‍ താര രാഷ്ട്രീയത്തിനെതിരെ പറഞ്ഞത്. വിജയിയെ അടക്കം പരാമര്‍ശിച്ചായിരുന്നു അരവിന്ദ് സ്വാമിയുടെ വാക്കുകള്‍ എന്നതാണ് ശ്രദ്ധേയമാക്കുന്നത്.

 

സ്‌ക്രീനിലെ രക്ഷപ്പെടുത്തല്‍ കണ്ട് ആ താരം തങ്ങളെ ജീവിതത്തില്‍ രക്ഷിക്കും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും വോട്ട് ചെയ്യരുതെന്ന് അരവിന്ദ് സ്വാമി പറയുന്നു. എന്തായാലും പുതുതായി രൂപീകരിച്ച വിജയിയുടെ പാര്‍ട്ടിക്കും ഈ വാക്കുകള്‍ കേള്‍ക്കാവുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു കൂട്ടം യുവാക്കളുമായി നടത്തിയ സംവാദത്തില്‍ അരവിന്ദ് സ്വാമി പറയുന്നത് ഇതാണ്, ‘ഞാന്‍ രജനികാന്തിന്റെ ഫാന്‍ ആണ്, കമല്‍ സാറിന്റെ ഫാനാണ്, വിജയിയെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇത് കൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യാന്‍ പാടില്ല. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ അല്ലെങ്കില്‍ പദ്ധതികള്‍ എന്നിവയില്‍ എനിക്ക് ആദ്യം വിശ്വാസം വരണം. നിങ്ങള്‍ ഒരു താരം ആയിരിക്കാം, എന്നാല്‍ ഒരു സര്‍ക്കാറിന്റെ നയം രൂപീകരിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും’ – അരവിന്ദ് സ്വാമി ചോദിക്കുന്നു.

 

‘ഞാന്‍ സ്‌ക്രീനില്‍ കുറേയാളെ രക്ഷിച്ചു, ഇനിയിപ്പോ നാട്ടില്‍ രക്ഷിക്കാം എന്ന ഒരു താരത്തിന് വരുന്ന മൈന്റ് സെറ്റില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതുമാകാം. എന്നാല്‍ ഇങ്ങനെ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ഒരു സംസ്ഥാനത്തിന്റെ നയരൂപീകരണം നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കണം. അത് നിങ്ങളെക്കൊണ്ട് സാധിക്കും അത് പഠിക്കാന്‍ കൂടി സമയം കണ്ടെത്തണം. നിങ്ങള്‍ക്ക് ചുറ്റും ആളുകളുണ്ടാകും. അതിനൊപ്പം ക്രിയേറ്റീവായ ആളുകളെയും ഒപ്പം ചേര്‍ക്കേണ്ടതുണ്ട്’ – അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *