ബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഭാരതപ്പുഴയിൽ വെള്ളം വറ്റിച്ച് തെരച്ചില്‍

കുറ്റിപ്പുറം : നിരവധി കുഴി ബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയതിനെ തുടർന്ന് തോക്കുകൾ അടക്കം വൻ ആയുധശേഖരം ഒളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ ഭാരതപ്പുഴയിൽ ഇന്നു രാവിലെ വെള്ളം വറ്റിച്ച് തെരച്ചിൽ നടത്തി. തെരച്ചിലിൽ ഉരുക്കു ഷീറ്റുകൾ കണ്ടെത്തി. ടാങ്കുകളും മറ്റും ചെളിയിൽ താഴ്ന്നുപോകാതിരിക്കാൻ ഉപയോഗിക്കുന്ന രണ്ട് ഷീറ്റുകളാണു കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം വെടിയുണ്ടകൾ കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിനോടു ചേർന്നുള്ള പുഴ ഭാഗം വറ്റിച്ചാണ് പരിശോധന തുടങ്ങിയത്. ഒരു മീറ്ററോളം ആഴത്തിൽ വെള്ളമുള്ള ചെളിക്കുണ്ടിലാണ് തെരച്ചിൽ നടത്തിയത്. മലപ്പുറം ജില്ലയിലെയും തൃശൂർ പാലക്കാട് ജില്ലകളിലെയും ഭാരതപ്പുഴയുടെ ഭാഗങ്ങൾ ഒരേ സമയം വെള്ളം വറ്റിച്ചാണ് തെരച്ചിൽ നടത്തിയത്. വൻ പൊലീസ് സന്നാഹത്തിൽ പട്ടാളത്തിലെ ഓഫീസർമാരുടെ നിരീക്ഷണത്തിലാണ് തെരച്ചിൽ.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന കുഴിബോംബ് ഉപേക്ഷിച്ച നിലയിൽ ഇവിടെ കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന അമേരിക്കൻ നിർമിത ബോംബാണ് കണ്ടെത്തിയത്.
പോലീസെത്തി പരിശോധിച്ചതോടെ പ്രദേശത്തുനിന്ന് ആർമിയുടെ ലേബലുള്ള സഞ്ചിയും കണ്ടെത്തി. സ്ഫോടനത്തിനുപയോഗിക്കുന്ന വസ്തുക്കളും സമീപത്തുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here