ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി; ബൈപാസിനെ ചൊല്ലി രാഷ്ട്രീയപോര് മുറുകുന്നു

0

കൊല്ലം:  ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും ബൈപാസിനെ ചൊല്ലിയുളള്ള രാഷ്ട്രീയപോര് തുടരുന്നു. ബൈപാസ് കടന്നു പോകുന്ന പ്രദേശത്തെ ഇടതു എംഎല്‍എമാര്‍ക്കും നഗരസഭ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടം നല്‍കാത്തതാണ് പുതിയ വിവാദം. പരിപാടിയുടെ മോടി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.

കൊല്ലത്തുകാരുടെ നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകളേയുള്ളു. എന്നാല്‍ അവസാനനിമിഷവും രാഷ്ട്രീയ പോര് തുടരുകയാണ്. ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്. കൊല്ലം എംഎല്‍എ എം.മുകേഷിന് മാത്രമാണു വേദിയിൽ ഇടം അനുവദിച്ചത്. എം.നൗഷാദിനെയും വിജയൻ പിള്ളയെയും കൊല്ലം മേയര്‍ വി.രാജേന്ദ്രബാബുവിനും ഒഴിവാക്കി. അതേസമയം ബിജെപിയുടെ എംഎഎൽഎയായ ഒ.രാജഗോപാലിനും രാജ്യസഭാംഗങ്ങളായ വി.മുരളീധരനും സുരേഷ് ഗോപിക്കും േവദിയില്‍ ഇരിപ്പിടം നല്‍കി.

ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അന്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, കെ.രാജു എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കെ.സോമപ്രസാദ് എന്നിവരും ഉദ്ഘാടന വേദിയിലുണ്ടാകും. ബൈപാസിന്റെ ഉദ്ഘാടനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വൈകുന്നേരം അഞ്ചിന് ആശ്രാമം മൈതാനത്താണ് ഉദ്ഘാടന ചടങ്ങ്. ബൈപാസ് ആരംഭിക്കുന്ന കാവനാട്ട് ചടങ്ങ് തല്‍സമയം കാണാനുളള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.