ലോക് സഭ തിരഞ്ഞെടുപ്പ്: എല്ലാ മാസവും 12 റാലികളുമായി രാഹുല്‍ഗാന്ധി

0

ന്യൂഡല്‍ഹി:  മഹാസഖ്യത്തില്‍ നിന്ന് പുറത്തായതില്‍ നിരാശയില്ലാതെ യുപി കോണ്‍ഗ്രസ്, രാഹുല്‍ എല്ലാ മാസവും 12 റാലികള്‍ നടത്തും പുതിയ അധ്യക്ഷന്‍ വന്നേക്കും. യുപിയില്‍ ബിഎസ്പി എസ്പി സഖ്യമുന്നണിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതില്‍ നിരാശ പ്രകടിപ്പിക്കാതെ മല്‍സരത്തില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് പദ്ധതികള്‍ തുടങ്ങി.

മായവതിയും അഖിലേഷും മല്‍സരിക്കുന്ന മണ്ഡലങ്ങള്‍ ഒഴിച്ചുള്ള എല്ലാ സീറ്റുകളിലും മല്‍സരിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അജിത് സിംങിന്റെ ഐഎന്‍എല്‍ഡി സഖ്യത്തിന് തയ്യാറാകാമെങ്കില്‍ അതുമായി മുന്നോട്ടു പോകാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. അപ്‌നാദളിലെ ഒരു വിഭാഗവുമായും സഖ്യം ആലോചിക്കാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.

2009 ല്‍ ഒറ്റയ്ക്ക് മല്‍സരിച്ച് നേടിയ 22 സീറ്റ് നേട്ടമാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന് അടിസ്ഥാനം. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ നേട്ടം ഉത്തര്‍പ്രദേശില്‍ ഗുണം ചെയ്യുമെന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു. ഒരു മാസം 12 റാലികളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് ഇപ്പോള്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇത് ഫെബ്രൂവരിയില്‍ ആരംഭിക്കും. ഇതോടൊപ്പം രാഹുല്‍ ഗാന്ധി കുംഭമേളയില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ രാഹുല്‍ ഗാന്ധി വ്യാപകമായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു.

 

അതിനിടെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഒരു പുതിയ അധ്യക്ഷനെ കൊണ്ടുവരാനും നീക്കം നടത്തുന്നുണ്ട്. ബ്രാഹ്മണ്‍ സമുദായത്തില്‍ നിന്ന് ഒരാളെ കണ്ടെത്താന്‍ ഹൈക്കമാന്റ് ശ്രമം തുടങ്ങി. രാജേഷ് മിശ്ര, പ്രമോദ് തിവാരി, ജിതിന്‍ പ്രസാദ, രാജേഷ് പതി പ്രസാദ എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കര്‍ഷകരുടെ പ്രശ്‌നം ഉന്നയിച്ച് പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയതിനെ ഉദാഹരിച്ചുകൊണ്ടുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

 

Leave A Reply

Your email address will not be published.