ആറ് മാസത്തെ താല്‍കാലിക വിസ ഇനി ലഭിക്കുകയില്ലെന്ന് യുഎഇ അധികൃതര്‍

0

യുഎഇ നൽകിയിരുന്ന ആറ് മാസത്തെ താല്‍കാലിക വിസ ഇനി ലഭിക്കുകയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പ് സമയത്ത് അനധികൃത താമസക്കാര്‍ക്ക് സഹായമെന്ന തരത്തില്‍ അനുവദിച്ച വിസയായിരുന്നു ഇത്. എന്നാല്‍ പൊതുമാപ്പ് അവസാനിച്ച ശേഷവും ഇത്തരം വിസ ലഭിക്കുമോയെന്ന് നിരവധി അന്വേഷണങ്ങളാണ് ലഭിക്കുന്നതെന്ന് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സ് ഡയറക്ടറേറ്റ് അറിയിച്ചു.

നേരത്തെ രണ്ട് തവണ കാലാവധി നീട്ടി നല്‍കിയ ശേഷം ഡിസംബര്‍ 31നാണ് യുഎഇയിലെ പൊതുമാപ്പ് അവസാനിച്ചത്. പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടയ്ക്കാതെ രേഖകള്‍ ശരിയാക്കുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ട് അനധികൃതമായി കഴിഞ്ഞിരുന്നവര്‍ക്ക് സഹായമെന്ന തരത്തിലാണ് ആറ് മാസത്തെ താല്‍കാലിക വിസ അനുവദിച്ചത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇത്തരം വിസ വാങ്ങിയവര്‍ക്ക് ആറ് മാസത്തിനകം രാജ്യത്ത് പുതിയ ജോലി കണ്ടെത്താം.

വിസ കാലാവധി കഴിയുന്നതിന് മുന്‍പ് പുതിയ ജോലി ലഭിച്ചാല്‍ തൊഴില്‍ വിസയിലേക്ക് മാറണം. ആറ് മാസത്തിനകം ജോലി ലഭിച്ചില്ലെങ്കില്‍ മടങ്ങിപ്പോകണം. പിന്നീട് പുതിയ സന്ദര്‍ശക വിസയില്‍ മാത്രമേ ഇവര്‍ക്ക് വീണ്ടും ജോലി അന്വേഷിക്കാന്‍ മടങ്ങിവരാനാവൂ. പൊതുമാപ്പ് അവസാനിച്ചതോടെ ആറ് മാസത്തെ താല്‍കാലിക വിസ നല്‍കുന്നതും അവസാനിപ്പിച്ചു. എന്നാല്‍ താല്‍കാലിക വിസയെക്കുറിച്ച് പിന്നീട് അറിയിപ്പുകള്‍ ഒന്നും ലഭിക്കാത്തതാണ് അന്വേഷണങ്ങള്‍ക്ക് കാരണമായത്.

Leave A Reply

Your email address will not be published.