എടിഎം വഴിയും ഓൺലൈൻ വഴിയും രണ്ടേകാൽ ലക്ഷം രൂപ തട്ടി

0

ന്യൂഡൽഹി: എടിഎം വഴിയും ഓൺലൈൻ വഴിയും മലയാളിയുടെ രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മയൂർ വിഹാർ ഫേസ് ത്രീ പോക്കറ്റ് എ–2, 20–എച്ച് ലെ വി.ആർ. ശ്രീകുമാർ പണമാണ് നഷ്ടപ്പെട്ടത്. ഡൽഹി പൊലീസ് സൈബർ ക്രൈം സെല്ലിനു പരാതി നൽകി. എയിംസിൽ നിന്നു വിരമിച്ച ശ്രീകുമാറിന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്നാണു പണം നഷ്ടപ്പെട്ടത്.

ഏകദേശം 95,000 രൂപ എസ്ബിഐയുടെ വിവിധ എടിഎമ്മുകളിൽ നിന്നും ബാക്കി തുക ഓൺലൈൻ വഴി കൈമാറിയുമാണു തട്ടിപ്പു നടന്നിരിക്കുന്നത്. എടിഎം കാർഡ് ശ്രീകുമാറിന്റെ കയ്യിലുള്ളപ്പോഴാണു തട്ടിപ്പു നടന്നിരിക്കുന്നത്. ആർക്കും പിൻ നമ്പർ പറഞ്ഞു കൊടുത്തിട്ടില്ലെന്നും ശ്രീകുമാർ പറയുന്നു. കഴിഞ്ഞ രണ്ടിനു എസ്ബിഐ എടിഎമ്മിൽ നിന്നു ശ്രീകുമാർ 10,000 രൂപ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെ നാലിനാണു തുക മുഴുവൻ പിൻവലിച്ചിരിക്കുന്നത്.

ശ്രീകുമാർ ഒന്നിനു തുക പിൻവലിച്ച സമയത്ത് ചിലർ എടിഎമ്മിലുണ്ടായിരുന്നത്രേ. ഇവരാണോ തട്ടിപ്പിനു പിന്നിലെന്നു സംശയമുണ്ട്. എടിഎമ്മിൽ ഏതെങ്കിലും ഉപകരണം സ്ഥാപിച്ച് കാർഡു വിവരങ്ങൾ സംഘം മനസ്സിലാക്കിയെന്നാണു സംശയം. ഗുരുഗ്രാമിലെ എടിഎമ്മുകളിൽ നിന്നാണു പണം പിൻവലിച്ചിരിക്കുന്നത്. ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത് ചണ്ഡിഗഡിലെ രണ്ടു പേരുകളിലാണ്. എന്നാൽ, താമസിയാതെ പ്രശ്നം പരിഹരിക്കുമെന്നും പണം മടക്കിക്കിട്ടുമെന്നുമാണു ബാങ്ക് അധികൃതർ ശ്രീകുമാറിനെ അറിയിച്ചത്.

Leave A Reply

Your email address will not be published.