മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചു കൊല്ലുന്നതും,വ്യത്യസ്ത അഭിപ്രായക്കാരെ തല്ലിച്ചതക്കുന്നതും തടയുകയുമാണ് തെരഞ്ഞെടുപ്പിലെ വെല്ലുവിളി; രാഹുല്‍ ഗാന്ധി

0

ദുബായ്:  മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചു കൊല്ലുന്നതും,വ്യത്യസ്ത അഭിപ്രായക്കാരെ തല്ലിച്ചതക്കുന്നതും തടയുകയുമാണ് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഐഎംടി ദുബായ് യുണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് മോഡി സര്‍ക്കാരിന്റെ അസഹിഷ്ണുതയെ വിമര്‍ശിച്ചു കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

 

സഹിഷ്ണുത എന്നത് നമ്മുടെ സംസ്‌കാരത്തിനൊപ്പം ചേര്‍ന്നിട്ടുള്ളതാണ്. പക്ഷേ ഇപ്പോള്‍ രാജ്യത്ത് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റങ്ങള്‍ ഒരുപാട് ഉണ്ടായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തന്നില്‍ തന്റേതായ കാഴ്ചപ്പാടില്‍ നിന്ന് മാറി പുതിയൊരു കാഴ്ചപ്പാട് രൂപപ്പെടുത്തിയെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി ജോലി തേടി വിദേശത്തേക്ക് പോകുന്നവര്‍ തിരിച്ചു നാട്ടിലെത്തുന്ന തരത്തില്‍ പുതിയ അവസരങ്ങള്‍ നാട്ടില്‍ ഉണ്ടാകണമെന്നും കൂട്ടിച്ചേര്‍ത്തു.

21-ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ അവസരങ്ങള്‍ എവിടെയാണോ ഉള്ളത് അവിടേക്ക് ചെല്ലും. സ്വന്തം രാജ്യത്ത് അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ഓരോ വ്യക്തിയും ഉറപ്പു വരുത്തണം. രാജ്യത്തെ ആരോഗ്യമേഖല ആഗോളതലത്തില്‍ തന്നെ മികച്ച അവസരം കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയും രാജ്യത്തെ അസഹിഷ്ണുത ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലമാണെന്നും, രാഷ്ട്രീയലാഭത്തിനായി രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടക്കുകയാണെന്നുമായിരുന്നു അദ്ദേഹം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ പറഞ്ഞത്.

 

Leave A Reply

Your email address will not be published.