ഗുരുവിനുള്ള ശിഷ്യമാരുടെ സമർപ്പണം; ‘മറാഠ കഫേ’ വരുന്നു

0

സ്കൂൾ ഓഫ് ഡ്രാമയുടെ ക്യാമ്പസിൽ പല കാലങ്ങളിലായി തിയേറ്ററിനെയും നാടകങ്ങളെയും പ്രണയിച്ചു നടന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരിൽ പലരുടെയും മനസ്സിലേക്ക് നാടകത്തിനൊപ്പം തന്നെ സിനിമയും ഒരു സ്വപ്നമായി കടന്നു വന്നു. മലയാള സിനിമയിൽ തങ്ങളുടേതായ കയ്യൊപ്പുകൾ രേഖപ്പെടുത്തിയ, സമകാലിക മലയാളസിനിമയുടെ ശ്രദ്ധേയസാന്നിധ്യങ്ങളായ, സ്കൂൾ ഓഫ് ഡ്രാമയിലെ ആ പഴയ കൂട്ടുകാരായ രഞ്ജിത്ത്, ശ്യാമപ്രസാദ്, വികെ പ്രകാശ്,​ അളഗപ്പൻ, കുക്കു പരമേശ്വരൻ എന്നീ സുഹൃത്തുക്കൾ വീണ്ടും ഒന്നിച്ച് നാടകവേദിയിൽ എത്തുകയാണ്, ‘മറാഠ കഫേ’ ​ എന്ന നാടകവുമായി.

നാടകകൃത്തും സംവിധായകനും പരീക്ഷണാത്മകനാടകത്തിന്റെ വക്താവും സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടറുമായ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ ഓർമ്മ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചുകളിലെ വിദ്യാർത്ഥികൾ രൂപം നൽകിയ കൂട്ടായ്മയായ ശങ്കരപ്പിള്ള ആർട്സ് ആന്റ് കൾച്ചറൽ എൻസെബിൾ (S.P.A.C.E സ്‌പേസ്) ആണ് ‘മറാഠ കഫേ’ അരങ്ങിലെത്തിക്കുന്നത്. ഗുരുവിനുള്ള ശിഷ്യമാരുടെ സമർപ്പണം എന്നു തന്നെ ‘മറാഠ കഫേ’യെ വിശേഷിപ്പിക്കാം.

മുരളീ മേനോൻ രചന നിർവ്വഹിക്കുന്ന ‘മറാഠ കഫേ” സംവിധാനം ചെയ്യുന്നത് സംവിധായകൻ രഞ്ജിത്താണ്. ഹരോൾഡ് പിന്ററുടെ ‘ഡംബ്ബ് വെയിറ്റർ’ എന്ന നാടകത്തിന്റെ ഇന്ത്യൻ ആവിഷ്കാരമാണ് ‘മറാഠ കഫേ’. നാടകത്തിന്റെ സംഗീതം ശ്യാമപ്രസാദും ക്രിയേറ്റീവ് കോർഡിനേഷൻ വികെ പ്രകാശും കോസ്റ്റ്യൂം ഡിസൈൻ കുക്കു പരമേശ്വരനും ലൈറ്റിംഗ് അളഗപ്പനും നിർവ്വഹിക്കും. അസോസിയേറ്റ് ഡയറക്ടറായ ശങ്കർ രാമകൃഷ്ണനും​ അണിയറയിലുണ്ട്. മനു ജോസും മുരളീ മേനോനും ആണ് പ്രധാന​ അഭിനേതാക്കൾ.

 

Leave A Reply

Your email address will not be published.