പുത്തന്‍ വാഗണ്‍ ആര്‍ ; ടീസര്‍ പുറത്ത്

0

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതലമുറ വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ ചിത്രം മാരുതി സുസുക്കി പുറത്തുവിട്ടു. ‘ബിഗ് ന്യൂ വാഗണ്‍ ആര്‍’ എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ പിന്‍ഭാഗം ദൃശ്യമാകുന്നതാണ് ടീസര്‍. ജനുവരി 23-നാണ് പുത്തന്‍ വാഗണ്‍ ആറിനെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുക.

ടീസര്‍ പ്രകാരം വോള്‍വോ കാറുകളിലേതിന് സമാനമാണ് 2019 വാഗണ്‍ ആറിലെ ടെയില്‍ ലാമ്പ്. നേരത്തെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പ്രകാരം മുന്‍തലമുറ മോഡലില്‍ നിന്ന് ഏറെ മാറ്റത്തോടെയാണ് 2019 വാഗണ്‍ ആര്‍ എത്തുന്നത്. ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള വലിയ ഗ്രില്‍ പഴയ മുഖഛായ ആകെ മാറ്റിയെടുക്കും. പുതിയ ആകൃതിയിലുള്ള ഹെഡ്ലൈറ്റും വീതിയുള്ള ഇന്റിക്കേറ്ററും മുന്‍വശത്തെ മനോഹരമാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം.

3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമാണ് പുതിയ വാഗണ്‍ ആറിനുണ്ടാകുക. മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവായിരിക്കുമെന്നും സൂചനയുണ്ട്. സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗും എബിഎസ് സംവിധാനവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്‍ജിനും 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ എന്‍ജിനിലുമായിരിക്കും പുതിയ വാഗണ്‍ ആര്‍ നിരത്തിലെത്തുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വാഹനം ലഭ്യമാകും. എല്‍പിജി, സിഎന്‍ജി വകഭേദങ്ങളും വാഗണ്‍ ആറിനുണ്ടാകും.

റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്‌ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്‌ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പുതുമ. ഇന്റീരിയറില്‍ നിരവധി പുതുമ കൊണ്ടുവന്നിട്ടുണ്ട്. രൂപം മാറിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.

Leave A Reply

Your email address will not be published.