സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് മുറികള്‍ സ്ഥാപിക്കും: മന്ത്രി കെ രാജു

0

പത്തനംതിട്ട : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് മുറികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ രാജു. എലിമുള്ളുംപ്ലാക്കല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈടെക് മന്ദിരത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടകം അഞ്ച് കോടി രൂപ നീക്കി വച്ച് 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുവാന്‍ സര്‍ക്കാരിന് സാധിച്ചു.

ഗവണ്‍മെന്റ് സ്്കൂളുകള്‍ക്ക് പുറമേ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം അനുവദിക്കും. പരമാവധി ഒരു കോടി രൂപ വരെയാണ് അനുവദിക്കുക. എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചലഞ്ച് ഫണ്ട് എന്ന പേരില്‍ അനുവദിക്കുന്ന ഈ തുക സ്‌കൂളുകളുടെ കെട്ടിട നിര്‍മാണത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഉപയോഗപ്പെടുത്തുക.

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടന്നു വരുന്ന കാലത്തിന് അനുഗണമായി നമ്മുടെ വിദ്യാഭ്യാസ അന്തരീക്ഷവും മാറേണ്ടതുണ്ട്. ഇതിന് ആക്കം കൂട്ടുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ പ്രയോജനം എല്ലാ സ്‌കൂളുകള്‍ക്കും ലഭ്യമാക്കുന്ന തരത്തിലേക്ക് പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ഹൈസ്‌കൂളുകള്‍ക്ക് മാത്രം നല്‍കിയിരുന്ന പ്രത്യേക വികസന ഫണ്ട് ഇനി മുതല്‍ എല്‍ പി, യു പി സ്‌കൂളുകള്‍ക്കും നല്‍കുമെന്നും എല്ലാ സ്‌കൂളുകളിലും ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പരമാവധി സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

എലിമുള്ളുംപ്ലാക്കല്‍ സ്‌കൂളിലേക്ക് ആവശ്യമായ കുടിവെള്ള പദ്ധതിക്ക് വനംവകുപ്പിന്റെ എല്ലാവിധ സഹായവും ഉണ്ടാവും. സ്‌കൂളിലേക്കുള്ള ഫെന്‍സിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.