മഞ്ഞ് വീഴ്ച; യൂറോപ്യൻ രാജ്യങ്ങൾ തണുത്ത് മരവിക്കുന്നു

0

ബെർലിൻ: മഞ്ഞിൽമുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. ജർമ്മനിയിലെയും സ്വീഡനിലെയും പല നഗരങ്ങളും വെള്ളിയാഴ്ച റോ‍ഡ്, റെയിൽ ഗതാഗതം നടത്താനാവാതെ നിശ്ചലമായി. സ്കൂളുകളും ഓഫീസുകളും പ്രവർത്തിച്ചില്ല. ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഗ്രീസ്, ക്രൊയേഷ്യ, തുർക്കി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയാണ്. തെക്കൻ ജർമ്മനിയിലെ ബവേറിയ നഗരത്തിൽ റോഡിൽ കുടുങ്ങിയ വാഹനങ്ങൾ റെഡ്ക്രോസ് അംഗങ്ങളുടെ സഹായത്തോടെയാണ് മാറ്റിയത്. തീവണ്ടി സർവീസും മുടങ്ങി.

മ്യൂണിച്ചിൽ മഞ്ഞിന്റെ ഭാരം മൂലം മരംവീണ് ഒമ്പതുവയസ്സുകാരൻ മരിച്ചു. ഓസ്ട്രിയൻ അതിർത്തിയിൽ കുടുങ്ങിയ നൂറുകണക്കിനുപേരെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. വടക്കൻ സ്വീഡനിൽ മഞ്ഞിനൊപ്പം കനത്ത കാറ്റുമുണ്ടായതാണ് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയത്. പലയിടത്തും രണ്ടുമീറ്ററോളം ഉയരത്തിൽ മഞ്ഞുമൂടി. അതേസമയം, ഏഴുപേർ മരിച്ച ഓസ്ട്രിയയിൽ മഞ്ഞുവീഴ്ചയ്ക്ക് അല്പം ശമനമുണ്ടായി. ഇവിടെ കഴിഞ്ഞദിവസങ്ങളിൽ മൂന്നുമീറ്ററോളം ഉയരത്തിലാണ് മഞ്ഞുവീണത്. രണ്ട് പർവതാരോഹകരെ കാണാതായി.

സമുദ്രനിരപ്പിൽനിന്ന് 800 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ മഞ്ഞുവീഴുന്നത് 30 മുതൽ 100 വർഷങ്ങൾക്കിടെയാണെന്ന് ഓസ്ട്രിയൻ കാലാവസ്ഥ ശാസ്ത്രജ്ഞൻ അലക്സാണ്ടർ രധേർ പറഞ്ഞു.

വടക്കൻ സ്വീഡനിൽ ചിലയിടത്ത് 111 മൈൽ വേഗത്തിലാണ് കാറ്റുവീശിയത്. സ്വിറ്റ്സർലൻഡിൽ മഞ്ഞുമലയിടിഞ്ഞ് മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.