സൗദിയിൽ ടെലികോം, ഐ.ടി. മേഖലകളിൽ സ്വദേശിവത്കരണം; പരിശീലനപദ്ധതി തുടങ്ങി

0

റിയാദ്: അറബ് രാജ്യങ്ങൾ സ്വദേശി വത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ ടെലികോം, ഐ.ടി. മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിനു പരിശീലനപദ്ധതി ആരംഭിച്ചു. വിവിധ മന്ത്രാലയങ്ങളും ചേംബർ ഓഫ് കോമേഴ്‌സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ടെലികോം, ഐ.ടി. മേഖലകളിലെ തൊഴിലവസരം വിദേശികളുടെ കുത്തകയാണ്. എന്നാൽ രണ്ടു വർഷത്തിനകം 15,000 സ്വദേശികൾക്ക് ഈ മേഖലയിൽ തൊഴിൽ കണ്ടെത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി മാനവശേഷി വികസനനിധി സാമ്പത്തികസഹായം നൽകും. നെറ്റ്‌വർക്കിങ്, സിസ്റ്റം അനലിസ്റ്റ്, പ്രൊജക്ട് മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ്‌, കംപ്യൂട്ടർ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ നിരവധി തൊഴിലവസരങ്ങളാണുള്ളത്. ഇത്തരം തസ്തികകളിൽ പരിശീലനം നൽകി സ്വദേശികളെ നിയമിക്കും.

ടെലികോം, ഐ.ടി. മേഖലയിൽ സ്വദേശികളുടെ സാന്നിധ്യം 43 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. വനിതാപങ്കാളിത്തം 13 ശതമാനമാണ്. പുതിയ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിയുമെന്ന് ടെലികോം, ഐ.ടി. മന്ത്രി എൻജിനീയർ അബ്ദുല്ല അൽ സവാഹ പറഞ്ഞു.

Leave A Reply

Your email address will not be published.