ചന്ദ്രയാൻ -2 ദൗത്യം ദക്ഷിണധ്രുവത്തിൽ ; ലാൻഡർ ആൻഡ് റോവർ ചന്ദ്രോപരിതലത്തിൽ

0

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണ ദൗത്യത്തിൽ ഗവേഷണ പേടകം 45 ദിവസത്തിനകം ചന്ദ്രനിലെത്തും.ഒരു രാജ്യവും ലക്ഷ്യം വെക്കാത്ത ചന്ദ്രന്റെ സൗത്ത് പോളിലായിരിക്കും ചന്ദ്രയാൻ-2ന്റെ പര്യവേഷണം. ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി ഗവേഷണം നടത്തുന്ന ലാൻഡർ ആൻഡ് റോവറാണ് പ്രത്യേകത. ഏപ്രിൽ പകുതിയോടെ ചന്ദ്രനിൽ ഗവേഷണം നടത്താനുള്ള സജ്ജീകരണവുമായി പേടകം കുതിച്ചുയരും.ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡറും റോവറും ഇറങ്ങുന്നതിന് അനുയോജ്യമായ സമയത്തായിരിക്കണം വിക്ഷേപണം. വിക്ഷേപണം നടന്ന് 35-നും 45-നും ദിവസത്തിനിടയിൽ ഗവേഷണപേടകം ചന്ദ്രനിലെത്തും.

ഏപ്രിലിൽ വിക്ഷേപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജൂൺ വരെ കാത്തിരിക്കേണ്ടി വരും. ഇതൊഴിവാക്കാൻ ഏപ്രിൽ പകുതിയോടെ വിക്ഷേപിക്കാനുള്ള തീരുമാനത്തിലാണ് ഐ.എസ്.ആർ.ഒ. 2019-ൽ ഐ.എസ്.ആർ.ഒ. നടത്തുന്ന 32 ദൗത്യങ്ങളിലെ പ്രധാനപ്പെട്ടതാണ് ചന്ദ്രയാൻ രണ്ടും ഗഗൻയാനും.

ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ചന്ദ്രയാൻ -രണ്ടിന്റെ ചെലവ് 800 കോടി രൂപയാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡർ സുരക്ഷിതമായി ഇറക്കിയതിന് ശേഷം റോവർ ഗവേഷണത്തിനായി നിയോഗിക്കണം. ആറ് ചക്രമുള്ള റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. ഭൂമിയിൽ നിന്ന് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സ്വയം നിയന്ത്രിക്കാനുള്ള ശേഷി റോവറിനുണ്ടാകും.

ചൈന ചന്ദ്രന്റെ ഉപരിതലത്തിൽ പേടകത്തെ ഇറക്കിയത് ഇന്ത്യയുടെ ദൗത്യത്തെ ബാധിക്കില്ലെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ഇതുവരെ ഒരു രാജ്യവും പേടകത്തെ ഇറക്കാത്ത സ്ഥലത്താണ് ഇന്ത്യയുടെ ലാൻഡർ ഇറങ്ങുന്നത്. ചന്ദ്രന്റെ സൗത്ത് പോളിലായിരിക്കും ഗവേഷണം. ഇവിടെനിന്ന് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരും കടന്നുചെല്ലാത്ത സ്ഥലത്തെ ഗവേഷണത്തിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

Leave A Reply

Your email address will not be published.