മാതാപിതാക്കൾ വെടിയേറ്റു കൊല്ലപ്പെട്ട ദിവസം കാണാതായ 13 കാരിയെ മൂന്നു മാസത്തിനുശേഷം കണ്ടെത്തി

0

വിസ്കോണ്‍സിൻ(യുഎസ്): മാതാപിതാക്കൾ വെടിയേറ്റു കൊല്ലപ്പെട്ട ദിവസം കാണാതായ പതിമൂന്നുകാരിയെ മൂന്നു മാസത്തിനുശേഷം കണ്ടെത്തി. യുഎസിലെ വിസ്കോൺസിനിലാണു സംഭവം.

ഒക്ടോബർ 15നാണു മാതാപിതാക്കളായ ജയിംസ് ക്ലോസ് (56), ഡെനിസ് ക്ലോസ് (46) എന്നിവരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മകൾ ജയ്മി ക്ലോസിനെ മൂന്നുമാസങ്ങൾക്കു ശേഷം വ്യാഴാഴ്ച കണ്ടെത്തിയപ്പോൾ ആഹാരം കഴിക്കാതെ എല്ലുന്തിയ നിലയിലായിരുന്നു. ജീവനോടെ കണ്ടെത്തിയതിൽ പൊലീസ് ആശ്ചര്യം പ്രകടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പെൺകുട്ടിയെ കാണാതായ സംഭവം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രണ്ടായിരത്തോളം വളന്റിയർമാർ, മിനിപൊലിസിലെ കാടും മലയും അരിച്ചുപെറുക്കി പരിശോധിച്ചു. മാത്രമല്ല, കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 യുഎസ് ഡോളർ പ്രതിഫലവും വാഗ്ദാനം ചെയ്തു.

ക്ലോസ് കുടുംബത്തിന്റെ വീട്ടിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ ഡ്രൈവ് ചെയ്താലെത്തുന്ന ഗോർഡൻ നഗരത്തിൽ നിന്നാണു ജയ്മിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവരിൽ നിന്നു രക്ഷപ്പെട്ട ജയ്മി എങ്ങനെയോ ഗോർഡൻ നഗരത്തിലെ ഒരു വീട്ടിലെത്തി ജയ്മി ക്ലോസ് ആണെന്നും പൊലീസിന്റെ നമ്പരായ 911 വിളിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടനെ പൊലീസെത്തി പെൺകുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയെങ്ങനെ രക്ഷപ്പെട്ടെന്നുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.