അനുമതി നല്‍കിയില്ല: വിനോദ സഞ്ചാരിയുടെ മൃതദേഹം സംസ്‌കരിച്ചത് 10 ദിവസത്തിനു ശേഷം

0

കൊച്ചി: പുതുവര്‍ഷത്തലേന്ന് കൊച്ചിയില്‍ മരിച്ച ബ്രിട്ടീഷ് വിനോദ സഞ്ചാരിയുടെ മൃതദേഹം സംസ്‌കരിക്കാനായത് പത്തുദിവസത്തിനു ശേഷം. ഇതോടെ വിദേശ വിനോദ സഞ്ചാരിയുടെ മൃതദേഹത്തോട് നഗരസഭ അനാദരവ് കാട്ടിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടീഷ് പൗരനായ കെന്നത്ത് വില്യം റൂബ(89) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 31-ന് കൊച്ചിയില്‍ മരിച്ചത്. രണ്ടു ദിവസം നീണ്ട പണിമുടക്കും നഗരസഭയുടെ അനാസ്ഥയുമൊക്കെയാണ് ബ്രിട്ടീഷ് പൗരന്റെ സംസ്‌കാരം വൈകിപ്പിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മാത്രമാണ് മൃതദേഹം സംസ്‌കരിക്കാനായത്.

മകള്‍ ഹിലാരിക്കൊപ്പമാണ് റൂബ കൊച്ചിയിലെത്തിയത്. പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നത് പ്രായോഗികമല്ലെന്നു മനസിലാക്കിയതോടെ മകള്‍ ഹിലാരി ബന്ധുക്കളുമായി ആലോചിച്ച് മൃതദേഹം കൊച്ചിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ലണ്ടനില്‍ നിന്നും ബന്ധുക്കളും കൊച്ചിയിലെത്തി. ചുള്ളിക്കല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകളും നടത്തി. തുടര്‍ന്ന് മൃതദേഹം പൊതുശ്മശാനത്തില്‍ എത്തിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

മൃതദേഹം കൊച്ചിയില്‍ സംസ്‌കാരിക്കാന്‍ പൊലീസും ഇന്ത്യയിലെ ബ്രിട്ടിഷ് എംബസിയും അനുവാദം നല്‍കി. നഗരസഭയ്ക്കും അപേക്ഷ സമര്‍പ്പിച്ചു. ജനുവരി പത്തിനാണ് മൃദേഹം ശ്മശാനത്തില്‍ എത്തിച്ചത്. എന്നാല്‍ കൗണ്‍സിലറുടെ അനുമതി ഇല്ലാതെ സംസ്‌കരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ശ്മശാനത്തിലെ ജീവനക്കാരന്‍. രണ്ടു ദിവസം പണിമുടക്കായതിനാല്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെയും ബന്ധപ്പെടാനായില്ല. കൗണ്‍സിലറെ സമീപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹവും പിന്‍വാങ്ങി. കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നാണ് സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതേസമയം ശ്മശാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കൗണ്‍സിലറുടെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്‌കാരം മുടങ്ങിയതെന്നാണ് ഹിലാരിയും സമൂഹിക പ്രവര്‍ത്തകരും ആരോപിക്കുന്നത്. സംസ്‌കാരം മുടങ്ങിയതോടെ മൃതദേഹം വീണ്ടും മോര്‍ച്ചറിയിലേക്കു മാറ്റേണ്ടി വന്നു. വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം സംസ്‌കരിക്കാനായത്.

Leave A Reply

Your email address will not be published.